
മലപ്പുറം: താമസ ആവശ്യത്തിനുള്ള വീടുകൾ നിർമ്മിക്കുന്നതിന് ദേശീയപാതാ സർവീസ് റോഡുകളിൽ നിന്നുള്ള ആക്സസ് പെർമിഷൻ നിർബന്ധമാക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. മലപ്പുറത്ത് നടന്ന തദ്ദേശ അദാലത്തിൽ ടി.വി.ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിന് ഉദ്ഘാടന പ്രസംഗത്തിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ആക്സസ് പെർമിഷൻ ഇല്ലാതെ തന്നെ വീടുകൾക്ക് ഇനി മുതൽ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ബിൽഡിങ് പെർമിറ്റും നമ്പറും ലഭിക്കും. വിവിധ ജില്ലാ അദാലത്തുകളിൽ വന്ന പരാതികൾ പരിഗണിച്ചാണ് പൊതുവായ തീരുമാനം സർക്കാർ സ്വീകരിച്ചത്. വിമാനത്താവളം, റെയിൽവെ, പ്രതിരോധ സ്ഥാപനങ്ങൾ എന്നിവയുടെ എൻ.ഒ.സിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കും. ആക്സസ് പെർമിറ്റിന്റെ മറവിൽ വലിയ ചൂഷണങ്ങൾ നടക്കുന്നുവെന്ന പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
ടി.വി.ഇബ്രാഹിം എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ യു.എ.ലത്തീഫ്, കുറുക്കോളി മൊയ്തീൻ, ആബിദ് ഹുസൈൻ തങ്ങൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, എൽ.എസ്.ജി.ഡി പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ജില്ലാ കളക്ടർ വി.ആർ.വിനോദ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ കെ.ജി.സന്ദീപ്, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, ജില്ലാ ജോയിന്റ് ഡയറക്ടർ അരുൺ രംഗൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ കാരാട്ട് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |