നിലമ്പൂർ: 2018ലെ ഉരുൾപൊട്ടലിൽ കാഞ്ഞിരപ്പുഴയുടെ മഴവെള്ളപ്പാച്ചിലിൽ വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങൾ ഏഴ് വർഷത്തിനു ശേഷവും ദുരിതത്തിൽ തന്നെ. ഉരുൾപൊട്ടലിൽ മതിൽ മൂലയിലും പൊതുവിഭാഗങ്ങളിലും സി.എസ്.ടി വിഭാഗങ്ങളിലുമായി 54 കുടുംബങ്ങൾക്കാണ് വീട് നഷ്ടപ്പെട്ടത്. ഇതിൽ മതിൽമൂലയിലെ എസ്.സി.കുടുംബങ്ങളാണ് ഇപ്പോഴും പഴയ വൈദ്യുതിയില്ലാത്ത വീടിനകത്ത് ദുരിതത്തിൽ കഴിയുന്നത്. ഒരു കുടുംബത്തിന് സ്ഥലം വാങ്ങുവാനും വീട് നിർമ്മാണത്തിനുമായി 10 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. അതിൽ ആറു ലക്ഷം രൂപ വീതം നൽകി മതിൽമൂലയ്ക്ക് സമീപം വാരിക്കുന്ന് സ്വകാര്യ വ്യക്തിയിൽ നിന്നും എട്ടു വീടുകൾക്കുള്ള സ്ഥലം ഇടനിലക്കാർ മുഖേന വാങ്ങി. അത് വെള്ളം കിട്ടാത്ത സ്ഥലവും ഉയർന്ന രജിസ്‌ട്രേഷൻ ഫീസ് കാണിച്ചുള്ള സ്ഥലമായിരുന്നു. ബാക്കിവരുന്ന നാല് ലക്ഷം രൂപ കൊണ്ട് ഓരോ വീടും പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ വീട് നിർമ്മാണം പൂർത്തിയാക്കിയില്ല. ഇത്തരം ചൂഷണങ്ങൾ തുടർക്കഥയാകുമ്പോൾ ജനകീയ കമ്മിറ്റി രൂപീകരിച്ചു ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതരുടെ അനാസ്ഥക്കെതിരെ സമരരംഗത്തേക്കിറങ്ങുമെന്ന് ഇരകൾ മുന്നറിയിപ്പ് നൽകി.
മുണ്ടി നഗറിൽ ഒരു വീടിന് മൂന്ന് ലക്ഷം രൂപയോളം വരുന്ന തരിശുഭൂമി ആറു ലക്ഷം രൂപയോളം വിലയിടാക്കി ഇടനിലക്കാർ മുഖേന കബളിപ്പിക്കുകയായിരുന്നുവെന്ന് കുടുംബങ്ങൾ പറഞ്ഞു. വെളിയംതോട് സ്ഥലം വാങ്ങി നൽകിയ കൂട്ടത്തിലെ നാലു കുടുംബങ്ങളും വാരിക്കുന്ന് കോൾനിയിൽ സ്ഥലം വാങ്ങിയ എട്ട് കുടുംബങ്ങളുടെ വീടുകളാണ് നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്നത്. ഇവരുടെ വീടിൻറെ തേപ്പ്, അടുക്കള, തറ, ശുചിമുറി എന്നിവ പൂർത്തിയാക്കാനുണ്ട്. രാമാടൻ രതീഷ് ,തുമ്പയിൽ ലക്ഷ്മി, ഇണങ്ങപ്ര ശാന്ത, രാമാടൻ ശാന്ത, മുണ്ടി, മാത രാമാടൻ ,ലീല ,സരോജിനി, ലക്ഷ്മി നറുക്കിൽ ,സുശീല, രാധ, രജനി തുടങ്ങിയവരുടെ വീടുകളാണ് പണിതീരാനുള്ളത്. പഞ്ചായത്തിലും ഓഫീസുകളിലും പലതവണ ഇവർ അറിയിച്ചെങ്കിലും വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡൻറുമാരും തിരിഞ്ഞുനോക്കിയിട്ടില്ല. കടുത്ത വേനലിൽ മതിൽമൂലയിലും പരിസരത്തും കുടിവെള്ളക്ഷാമവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ മെഴുകുതിരി വെട്ടത്തിലാണ് ഇവർ കഴിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |