
മലപ്പുറം: തന്റെ അറസ്റ്റിലെ പൊലീസിന്റെ തിടുക്കപ്പെട്ട നടപടികളാണ് കോടതിയിൽ പി.വി. അൻവർ പ്രധാനമായും ചോദ്യം ചെയ്തത്. അറസ്റ്റ് ചെയ്തു അഞ്ച് മണിക്കൂറിനകം തന്നെ റിമാൻഡ് ചെയ്തു. 24 മണിക്കൂർ സമയം പൊലീസിന്റെ മുന്നിൽ ഉണ്ടായിരിക്കെ റിമാൻഡ് ചെയ്യാനുള്ള തിടുക്കത്തിലായിരുന്നു പൊലീസ്. ഇത്തരമൊരു സാഹചര്യം എന്തെന്ന അൻവറിന്റെ ചോദ്യം കോടതി അംഗീകരിച്ചു. ഇക്കാര്യം ബോദ്ധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു.
അൻവറിന്റെ വാദങ്ങൾ
1- പ്രതിഷേധം മൂന്ന് ദിവസം മുമ്പേ തീരുമാനിച്ചതാണ്. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് ആകസ്മികമായി സംഭവിച്ചതാണ്. പ്രതിഷേധം ആസൂത്രിതമല്ല.
2- സമാധാനപരമായി തുടങ്ങിയ കുത്തിയിരിപ്പ് സമരത്തിൽ 40 പേർ പങ്കെടുത്തപ്പോൾ പത്ത് പേർ മാത്രമാണ് ഓഫീസിലേക്ക് കയറിയത്.
3- നാശനഷ്ടങ്ങളുടെ കണക്ക് ആദ്യ റിപ്പോർട്ടിൽ ഇല്ല. രണ്ടാമത്തേതിൽ പെരുപ്പിച്ച് കാണിച്ചു. നാശനഷ്ടങ്ങളുടെ കണക്ക് പൊതുമരാമത്ത് വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗമാണ് സമർപ്പിക്കേണ്ടത്. അവരല്ല കണക്ക് സമർപ്പിച്ചത്.
4- വീട്ടിൽ നിന്ന് രാത്രിയാണ് തന്നെ അറസ്റ്റ് ചെയ്തത്. എവിടേക്കും ഒളിവിൽ പോയിട്ടില്ല. ഉറങ്ങാൻ ഒരുങ്ങുന്ന സമയത്ത് വൻപൊലീസ് സന്നാഹമെത്തി അറസ്റ്റ് ചെയ്യേണ്ട എന്ത് നിർബന്ധിത സാഹചര്യമാണ് ഉണ്ടായിരുന്നത്.
6- അറസ്റ്റിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ തന്നെ ഹാജരാക്കിയിട്ടില്ല. നേരെ കൊണ്ടുപോയത് വൈദ്യ പരിശോധനയ്ക്കും റിമാൻഡ് ചെയ്യുന്നതിന് മജിസ്‌ട്രേറ്റിന്റെ മുന്നിലേക്കുമാണ്. 24 മണിക്കൂർ സമയം പൊലീസിന്റെ മുന്നിലുണ്ടെന്നിരിക്കെ റിമാൻഡ് ചെയ്യാനുള്ള തിടുക്കമാണ് പൊലീസ് കാണിച്ചത്.
7 - ജനപ്രതിനിധികളുടെ സമരത്തെ ഈ രീതിയിൽ നേരിടുകയാണെങ്കിൽ കേരളത്തിൽ പൊതുപ്രവർത്തനം സാദ്ധ്യമാവില്ല. ജനപ്രതിനിധികൾക്ക് പ്രവർത്തിക്കാനാവില്ല.
ചോദ്യത്തിൽ കുടുങ്ങി
അക്രമത്തിൽ പരിക്കേറ്റ പൊലീസുകാർ ആശുപത്രിയിൽ ആയതിനാലാണ് എഫ്.ഐ.ആറിൽ അൻവറിന്റെ പേര് ചേർക്കാൻ വൈകിയതെന്ന് പ്രോസിക്യൂട്ടർ ടി. പ്രസാദ് വാദിച്ചു. സമരത്തിൽ ഉണ്ടായിരുന്നവരിൽ അൻവറിനെ മാത്രമാണ് പെട്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റു പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനും അൻവറിനെ കസ്റ്റഡിയിൽ എടുക്കണമായിരുന്നെന്നും കോടതിയെ അറിയിച്ചു. നാലുമണിക്കൂറോളം പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഒരാളുടെ പേര് പോലും രേഖപ്പെടുത്താൻ കഴിയാത്തത് വീഴ്ചയല്ലേയെന്ന് കോടതി ചോദിച്ചു. വയനാട്ടുകാരനായ മൂന്നാംപ്രതി നിലമ്പൂരിലെത്തിയത് കൃത്യമായ ഗൂഢാലോചനയുടെ തെളിവാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഒരുസമരം നടക്കുമ്പോൾ മറ്റ് ജില്ലകളിൽ നിന്നുള്ള ആളുകൾ വരാമെന്ന് അൻവറിന്റെ അഭിഭാഷകൻ പി.എം. സഫറുള്ള ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |