മഞ്ചേരി : നഗരത്തിൽ നിറുത്തിയിട്ട ബുള്ളറ്റിന് തീപിടിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരൻ ഫയർ എക്സ്റ്റിംഗ്വിഷറുമായെത്തി തീയണച്ചു. മഞ്ചേരി ഇന്ത്യൻ മാളിന് സമീപം നിറുത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കാണ് കത്തിയത്. തൊട്ടടുത്ത പെട്രോൾ പമ്പ് ജീവനക്കാരനായ പയ്യനാട് സ്വദേശി ആഷ്ബിനാണ് തീയണച്ചത്. മഞ്ചേരി അഗ്നിരക്ഷാനിലയത്തിൽ നിന്നും രണ്ട് യൂണിറ്റെത്തി ചൂടുപിടിച്ച വാഹനം വെള്ളമടിച്ച് തണുപ്പിച്ചു. ബിൽഡിംഗിന് താഴെ നിറുത്തിയിട്ടിരുന്ന മറ്റു വാഹനങ്ങളിലേക്ക് തീ പടർന്ന് നാശനഷ്ടം ഉണ്ടാകാനുള്ള സാദ്ധ്യതയാണ് പെട്രോൾ പമ്പ് ജീവനക്കാരന്റെ ഇടപെടലിലൂടെ ഒഴിവാക്കാനായത്. മഞ്ചേരി അഗ്നി രക്ഷാ സേനാംഗങ്ങൾ പെട്രോൾപമ്പിലെത്തി ആഷ്ബിനെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |