മലപ്പുറം: ജൽ ജീവൻ മിഷൻ പദ്ധതിയിൽ 4,500 കോടി രൂപ കുടിശ്ശിക ആയതോടെ ഫെബ്രുവരി ഒന്ന് മുതൽ നിർമ്മാണ പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ കരാറുകാരുടെ തീരുമാനം. 13 മാസമായി കരാറുകാർക്ക് തുക ലഭിച്ചിട്ടില്ല. കേന്ദ്ര സ്‌പെഷൽ അസിസ്റ്റന്റ് ഫണ്ട് പ്രകാരം 288.75 കോടി രൂപ അനുവദിച്ചപ്പോൾ സീനിയോറിറ്റി ബില്ല് മറികടന്ന് ചിലർക്ക് തുക നൽകിയത് കരാറുകാർക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ജലവിഭവ വകുപ്പ് എം.ഡി ഉൾപ്പെടെയുള്ളവരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അനുവദിച്ച ഫണ്ട് ചെലവഴിച്ചില്ലെങ്കിൽ തുടർന്ന് കേന്ദ്രം തുക അനുവദിക്കില്ലെന്ന നിലപാടാണ് സർക്കാർ കോടതിയിൽ സ്വീകരിച്ചത്. സീനിയോറിറ്റി ലിസ്റ്റ് മറികടന്നതിൽ വ്യക്തമായ മറുപടിയില്ല.
2025 മാർച്ച് 31നകം ജലജീവൻ മിഷൻ പദ്ധതി പൂർത്തീകരിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. 2020ൽ ആരംഭിച്ച ജൽജീവൻ മിഷൻ പദ്ധതിയിൽ 44, 714 കോടിയുടെ പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളത്. ഇതുവരെ 10,500 കോടി രൂപയാണ് ചെലവഴിച്ചത്. നിലവിലെ സാഹചര്യത്തിൽ അടുത്ത വർഷം പോലും പദ്ധതി പൂർത്തീകരിക്കാൻ സാധിക്കില്ലെന്നാണ് കരാറുകാർ പറയുന്നത്. കേന്ദ്ര വിഹിതം ലഭിക്കും മുറയ്ക്ക് സംസ്ഥാന വിഹിതം അനുവദിക്കേണ്ടതുണ്ട്. പലപ്പോഴും ഇത് കൃത്യമായി നടക്കാത്തതും പദ്ധതി പ്രവൃത്തികൾ മുടങ്ങാൻ കാരണമാകുന്നുണ്ട്.
കരാറുകാരുടെ പണിമുടക്ക് ഗ്രാമീണറോഡുകളുടെ നവീകരണ പ്രവൃത്തികൾ വൈകിപ്പിക്കും. സംസ്ഥാനത്ത് 37,500ഓളം കിലോമീറ്റർ റോഡ് പൈപ്പിടാനായി വെട്ടിപ്പൊളിച്ചപ്പോൾ പതിനായിരം കിലോമീറ്ററാണ് ഇതുവരെ നന്നാക്കിയത്. ജൽ ജീവൻ മിഷനിലെ പ്രവൃത്തികൾ പൂർത്തിയായാലേ റോഡ് നന്നാക്കുന്ന പ്രവൃത്തിയിലേക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് കടക്കാനാവൂ. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ആണ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടത്. പലയിടങ്ങളിലും റോഡ് ചളിക്കുളമാവുകയും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയും ചെയ്തതോടെ ജനകീയ പ്രതിഷേധം ശക്തമായിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിലെത്തിയിരിക്കെ തദ്ദേശ ഭരണസമിതികൾ വെട്ടിലായിട്ടുണ്ട്.
കുടിശ്ശിക വേഗത്തിൽ അനുവദിക്കണം: കരാറുകാർ
മലപ്പുറം: കുടിശ്ശിക ഉടൻ അനുവദിക്കണമെന്ന് കരാറുകാർ മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് പലരും പ്രവൃത്തികൾ നടത്തുന്നത്. ഭീമമായ തുക കുടിശ്ശിക ആയതോടെ കരാറുകാർക്ക് മുന്നോട്ടുപോവാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ അടിയന്തര നടപടിയെടുക്കണമെന്ന് കരാറുകാരുടെ വിവിധ സംഘടനകളുടെ ഭാരവാഹികളായ അബ്ബാസ് കുറ്റിപ്പുളിയൻ, വി. ഉണ്ണികൃഷ്ണൻ, ബാബു.കെ.നഈം, ഒ.അബ്ദുൽ മജീദ് ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |