ലക്‌നൗ: ഉത്തർപ്രദേശിലെ വൃന്ദാവനിൽ വിദ്യാർത്ഥികൾക്കായുള്ള ഗുരുകുലത്തിലെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഒരാൾ ബോധരഹിതനായി ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. ഗുരുകുലത്തിലെ വെള്ളം നിറച്ചിരുന്ന ടാങ്കിൽ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ ടാങ്കിനുള്ളിൽ ഇറങ്ങിയത്.
ആദ്യം ഒരു വിദ്യാർഥി ടാങ്കിനുള്ളിൽ ഇറങ്ങിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. തുടർന്ന് ഇയാളെ അന്വേഷിച്ച് മറ്റ് നാല് വിദ്യാർഥികളും ഓരോരുത്തരായി ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരും തിരിച്ചെത്താത്തിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോധരഹിതരായി വിദ്യാർത്ഥികളെ കണ്ടെത്തിയത്. അഞ്ച് പേരെയും പുറത്തെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് വിദ്യാർഥികൾ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
മദ്ധ്യപ്രദേശ് ജബൽപ്പൂർ സ്വദേശി മനു കതാര (24), മീററ്റ് സ്വദേശി റിഷഭ് ശർമ (18), കൗശാംബി സ്വദേശി ആര്യൻ ശർമ (18), വിദിഷ സ്വദേശി ദേവാൻഷ് (17) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തെ വിദ്യാർഥിയായ രുദ്ര വിദേശ് (18) ചികിത്സയിൽ തുടരുകയാണ്. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികൾ വൃത്തിയാക്കാനിറങ്ങിയ ഏകദേശം 15 അടി ആഴമുള്ള ടാങ്ക് ഏറെക്കാലമായി ഉപയോഗിച്ചിരുന്നില്ലെന്നും കോൺക്രീറ്റ് മൂടി ഉപയോഗിച്ച് അടച്ച നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. ടാങ്കിനുള്ളിൽ വിഷവാതകം രൂപപ്പെട്ടതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഗുരുകുലത്തിന്റെ ഉടമകളിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ രേഖകളും, കുട്ടികളുടെ സുരക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. മരണം അതീവ ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് അദ്ദേഹം പ്രതികരിച്ചു. മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു.
Four students died and another was hospitalised after entering a water tank at a residential Gurukul in Vrindavan, Uttar Pradesh, following a foul smell from the tank. Police suspect toxic gas may have accumulated inside the 15-foot-deep, unused tank. Two Gurukul owners have been detained, while authorities are investigating safety lapses, records and CCTV footage.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |