SignIn
Kerala Kaumudi Online
Friday, 23 October 2026 10.31 AM IST

മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

pma

മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 93 ശതമാനം സ്‌കോറോടെയാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ നേടിയെടുത്തത്. ഇതോടെ സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് മുസ്‌കാൻ സർട്ടിഫിക്കേഷൻ ലഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്, വയനാട് മാനന്തവാടി മെഡിക്കൽ കോളേജ് എന്നീ ആശുപത്രികൾ മുസ്‌കാൻ സർട്ടിഫിക്കേഷൻ കഴിഞ്ഞ വർഷം നേടിയിട്ടുണ്ട്.

മഞ്ചേരി മെഡിക്കൽ കോളേജിൽ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമാണ് മുസ്‌കാൻ സർട്ടിഫിക്കേഷൻ. 2.66 കോടി രൂപ ചെലവഴിച്ച് എട്ട് കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്സിജൻ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാർഡ്, അത്യാധുനിക ഉപകരണങ്ങൾ തുടങ്ങിയ സംവിധാനങ്ങളൊരുക്കി.

ജില്ലയിലെ സർക്കാർ മേഖലയിലെ ഏക സിക്ക് ന്യൂബോൺ കെയർ യൂണിറ്റാണ് (എസ്.എൻ.സി.യു.) മഞ്ചേരി മെഡിക്കൽ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്സിനെ പ്രത്യേക പരിശീലനം നൽകി നിയമിച്ചു. മാസം തികയാതെ ഉൾപ്പെടെ ജനിക്കുന്ന അനേകം കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാൻ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉൾപ്പെടെ കുട്ടികളുടെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതിൽ ഉൾക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകൾ, പ്രസവാനന്തര വാർഡുകൾ, പീഡിയാട്രിക് ഒപിഡികൾ, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL