SignIn
Kerala Kaumudi Online
Friday, 23 October 2026 9.54 AM IST

ഫോസ്റ്റർ കെയർ തണലിൽ ജില്ലയിൽ 33 പേർ

മലപ്പുറം: 'ഫോസ്റ്റർ കെയർ' പദ്ധതി പ്രകാരം നിലവിൽ ജില്ലയിലെ വിവിധ വീടുകളിൽ കഴിയുന്നത് 33 പേർ. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതോ അവർക്ക് സംരക്ഷിക്കാൻ സാധിക്കാത്തതോ ആയ കാരണങ്ങളാൽ കുടുംബത്തോടൊപ്പം താമസിക്കാൻ കഴിയാതെ ബാല സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ സുരക്ഷിത കൈകളിൽ ഏൽപ്പിക്കുന്ന പദ്ധതിയാണ് ഫോസ്റ്റർ കെയർ. ജില്ലാ ശിശു സംരക്ഷണ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വർഷം കുട്ടിയെ താമസിപ്പിച്ചാൽ യഥാർത്ഥ രക്ഷിതാക്കൾക്കും താമസിപ്പിച്ചവർക്കും സമ്മതമാണെങ്കിൽ കുട്ടിയുടെ സമ്മതത്തോടെ നിയമാനുസൃതമായി ദത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കാം. ഇത്തരത്തിൽ അഞ്ച് കുട്ടികളെയാണ് ഇതുവരെ ദത്തെടുത്തിട്ടുള്ളത്. 25 കുട്ടികളെ കൂടി ദത്തെടുക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. കുട്ടികളെ താത്‌കാലികമായി ഏറ്റെടുക്കാനുള്ള നാല് അപേക്ഷകൾ കൂടി എത്തിയിട്ടുണ്ട്.

ആറ് മുതൽ 18 വയസ് വരെയുള്ള കുട്ടികളെയാണ് ഏറ്റെടുക്കാൻ അനുമതിയുള്ളത്.
ജില്ലയിൽ 34 ബാലസംരക്ഷണ കേന്ദ്രങ്ങളാണുള്ളത്.

അപേക്ഷ സമർപ്പിക്കാം

കുട്ടിയെ താല്ക്കാലികമായി ഏറ്റെടുക്കാൻ തയ്യാറുള്ളവർ വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷ‌ൻ യൂണിറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. റിപ്പോർട്ട് പരിശോധിച്ച ശേഷം ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉചിതമായ കുടുംബങ്ങളിലേക്ക് കുട്ടികളെ അയക്കും. കുട്ടികളുടെ താല്പര്യം കൂടി പരിഗണിച്ച ശേഷമേ താല്ക്കാലിക രക്ഷിതാക്കൾക്കൊപ്പം വിട്ടയക്കൂ.

ഇടയ്ക്കിടെ കുട്ടികളുടെ ക്ഷേമം ഉദ്യോഗസ്ഥർ അന്വേഷിച്ച് റിപ്പോർട്ട് നൽകും. താല്ക്കാലിക മാതാപിതാക്കളുടെ കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, വരുമാനം എന്നിവ അന്വേഷിച്ചേ കുട്ടികളെ വിടൂ. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോൾ സ്വന്തം മാതാപിതാക്കളുടെ അടുത്തേക്ക് പോവാം. താല്പര്യ പ്രകാരം കരാർ കാലാവധി നീട്ടിനൽകാനും സാധിക്കും.

കുട്ടികളുടെ ക്ഷേമവും സുരക്ഷിതത്വവും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മക്കളില്ലാത്ത ദമ്പതികളാണ് അപേക്ഷകരിൽ കൂടുതലും. ഒരു കുട്ടിയെ വളർത്താനുള്ള മനസും സാമ്പത്തിക ഭദ്രതയുമുള്ളവർക്ക് അപേക്ഷ നൽകാം.

ഫസൽ പുള്ളാട്ട്, എൻ.ഐ.സി ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ

താല്ക്കാലികമായി ഏറ്റെടുത്തത് - 33

ദത്തെടുക്കപ്പെട്ട കുട്ടികൾ - 5

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL