
മലപ്പുറം: മലപ്പുറം ഗവ. വനിത കോളേജ് അടുത്ത അദ്ധ്യയന വർഷം കാരാത്തോട് ഇൻകെൽ സിറ്റിയിലെ സ്വന്തം കാമ്പസിൽ പ്രവർത്തനം തുടങ്ങും. ഇൻകെൽ സിറ്റിയിലെ എൻ.ടി.ടി.എഫ് എന്ന സ്ഥാപനം പ്രവർത്തിച്ചിരുന്ന കെട്ടിടം രണ്ട് വർഷത്തോളമായി ഒഴിഞ്ഞുകിടക്കുകയാണ്. ഈ കെട്ടിടം വനിതാ കോളേജിന് അനുയോജ്യമാണ്. കെട്ടിട ഉടമകളുമായി സംസാരിച്ച് വാടകയ്ക്ക് അനുവദിക്കാമെന്ന് ധാരണയിൽ എത്തിയിട്ടുണ്ട്. പി. ഉബൈദുള്ള എം.എൽ.എ അനുവദിച്ച 2.30 കോടി രൂപ ചെലവിൽ രുപ ചെലവിൽ നിർമ്മിച്ച രണ്ട് നിലയിലുള്ള സ്റ്റുഡന്റ് അമിനിറ്റി സെന്റർ കം ലൈബ്രറി ബ്ലോക്കും കോളേജിന്റെ ഭാഗമാകുന്നതോടെ അത്യാവശ്യ സൗകര്യങ്ങൾ ഉറപ്പാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ. നിലവിൽ മലപ്പുറം കാവുങ്ങലിലെ വാടകക്കെട്ടിടത്തിലെ അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയാണ് വനിതാ കോളേജ് പ്രവർത്തിക്കുന്നത്.
2015 സെപ്തംബറിൽ തുടങ്ങിയ കോളേജിന് പത്ത് വർഷം പൂർത്തിയാവുമ്പോഴും സ്വന്തം ക്യാമ്പസ് യാഥാർത്ഥ്യമായിട്ടില്ല. ആദ്യം കോട്ടപ്പടിയിൽ ബോയ്സ് സ്‌കൂൾ കെട്ടിടത്തിലും പിന്നീട് മുണ്ടുപറമ്പിലെ വാടകക്കെട്ടിടത്തിലും പ്രവർത്തിച്ച വനിതാ കോളേജ് ഇവിടെ നിന്നാണ് കൂടുതൽ സൗകര്യങ്ങൾ തേടി കാവുങ്ങലിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. ഇവിടെയും മതിയായ സൗകര്യങ്ങളില്ലാത്തത് കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കിഫ്‌ബി കെട്ടിടം വൈകില്ല
സ്വന്തം ക്യാമ്പസ് നിർമ്മിക്കാൻ പി. ഉബൈദുള്ള എം.എൽ.എയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും ചുവപ്പ് നാടകളിൽ കുടുങ്ങി പദ്ധതി നീളുകയാണ്.
കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് കിഫ്ബി ഫണ്ടുപയോഗിച്ച് സ്വന്തം കെട്ടിടം നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടാൻ തീരുമാനമെടുത്തിട്ടുണ്ട്.
2018ൽ കിഫ്ബി ഫണ്ടുപയോഗിച്ച് കോളേജിന് കെട്ടിടം നിർമ്മിക്കാൻ അനുമതി ലഭിച്ചിരുന്നു. ഡി.പി.ആറും ഡിസൈനും തയ്യാറാക്കി കിഫ്ബിക്ക് സമർപ്പിച്ചെങ്കിലും കെട്ടിടങ്ങളുടെ വിസ്തീർണ്ണം 2,500 ചതുരശ്ര മീറ്ററിൽ കൂടുതലായതിനാൽ വീണ്ടും ഡിസൈൻ പുതുക്കി നൽകേണ്ടി വന്നു.
സാങ്കേതിക കുരുക്കിൽപ്പെട്ട് പിന്നെയും നടപടികൾ നീണ്ടു. കെട്ടിട നിർമ്മാണത്തിന് 16.46 കോടി രൂപയുടെ നിർമ്മാണ കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിട്ടുണ്ട്.
അടുത്ത അദ്ധ്യായന വർഷം വനിത കോളേജ് ഇൻകെൽ സിറ്റിയിൽ പ്രവർത്തനം കുടുങ്ങും. കിഫ്ബി ഫണ്ടുപയോഗിച്ച് അക്കാദമിക് കെട്ടിടങ്ങളുടെ നിർമ്മാണവും വൈകാതെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
പി.ഉബൈദുള്ള എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |