
കാളികാവ്: ഉറുമ്പുകൾ വരിവരിയായെത്തി ഭക്ഷണം കഴിക്കുന്നത് കാണുന്നതാണ് കാളികാവ് അടയ്ക്കാക്കുണ്ട് പാറശ്ശേരിയിലെ ഓം മറ്റത്തിൽ ശിവരാജന്റെ സന്തോഷം. കഴിഞ്ഞ 34 വർഷമായി ഉറുമ്പുകൾക്ക് ഭക്ഷണം നൽകിയാണ് ഗുരുദേവ ഭക്തനായ ശിവരാജൻ വ്യത്യസ്തനാകുന്നത്.
പത്ത് വർഷത്തോളമായി കാളികാവിൽ ഹെവി വാഹനങ്ങളുടെ വർക്ക് ഷോപ്പ് നടത്തുകയാണ് 58കാരനായ ശിവരാജൻ. 24 വർഷം മദ്ധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു ജോലി. അവിടത്തെ വർക്ക് ഷോപ്പ് ജോലിക്കിടെയാണ് ഉറുമ്പുകൾക്ക് ഭക്ഷണം നൽകി തുടങ്ങിയത്. പിന്നീട് നാട്ടിൽ സ്ഥിരതാമസമാക്കിയപ്പോഴും ഉറുമ്പ് സ്‌നേഹം തുടർന്നു.
രാവിലെ താൻ ഭക്ഷണം കഴിക്കും മുമ്പ് ഉറുമ്പുകൾക്ക് തീറ്റ നൽകും. വീടിനോട് ചേർന്ന 30 ഉറുമ്പുമാളങ്ങളുടെയും വർക്ക് ഷോപ്പിനടുത്തുള്ള 25 മാളങ്ങളുടെയും അടുത്തായി ആഹാരം വിതറും. 10 മിനിറ്റിനുള്ളിൽ ഉറുമ്പുകളെത്തും.
അരി,ഗോതമ്പ്, കടല, നിലക്കടല, ചെറുപയർ, രാഗി, ബദാം, അണ്ടിപ്പരിപ്പ്, ശർക്കര എന്നിവ പൊടിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.
ഇൻഡോറിലായിരുന്നപ്പോൾ നൂറിലധികം അണ്ണാറക്കണ്ണൻമാർക്കും ഭക്ഷണം നൽകിയിരുന്നു. ഇവിടത്തെ അണ്ണാറക്കണ്ണൻമാർ മനുഷ്യരുമായി അത്ര അടുക്കുന്നില്ലെന്ന് ശിവരാജൻ പറയുന്നു.
ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് ശിവരാജന്റെ കുടുംബം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |