മലപ്പുറം: കാർഷിക മേഖലയിലും വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും സാമൂഹ്യക്ഷേമ പ്രവർത്തന രംഗത്തും ബഹുമുഖവുമായ പദ്ധതികൾ ഉൾക്കൊള്ളുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2025-26 വർഷത്തേക്കുള്ള സാമ്പത്തിക ബജറ്റ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം അവതരിപ്പിച്ചു. ആകെ 234.11 കോടി രൂപ വരവും 222.12 കോടി ചെലവും 11.99 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റാണ് വരും വർഷത്തേക്ക് അവതരിപ്പിച്ച് അംഗീകാരം നേടിയത്.
വത്തക്കയിൽ സ്വയംപര്യാപ്ത
അടുത്ത വർഷത്തെ റംസാൻ സീസണിൽ ജില്ലയിലേക്ക് ആവശ്യമായ വത്തക്ക മുഴുവൻ ഓർഗാനിക് രീതിയിൽ കൃഷി ചെയ്ത് ന്യായ വിലക്ക് വിപണനം ചെയ്യുന്നതിനും രാസവസ്തുക്കൾ പ്രയോഗിച്ച് അയൽസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വത്തക്ക ഒഴിവാക്കുന്നതിനും ഈ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുമുള്ള 'മധുരം മലപ്പുറം വിഷ രഹിത ഇഫ്താർ', കാർഷിക മുന്നേറ്റത്തിനും ഈ മേഖലയിലെ സമഗ്ര മുന്നേറ്റത്തിനുമായി പ്രവാസി സഹകരണ സംഘങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള 'മരുപ്പച്ച ' പദ്ധതി, വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയിൽ പ്രോത്സാഹനം, ചങ്ങാത്തം ആത്മഹത്യാരഹിത ലോകം പദ്ധതി, പ്രവാസി സംരംഭകർക്കായി വേൾഡ് എന്റർപ്രണർ പാർക്ക്, കാലാവസ്ഥാ വ്യതിയാനാവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാലേക്കൂട്ടി നേരിടുന്നതിനായി നെറ്റ് സീറോ മലപ്പുറം പദ്ധതി, സ്‌കൂൾ വിദ്യാർത്ഥികൾക്കായി വാന നിരീക്ഷണ കേന്ദ്രം തുടങ്ങിയവ പുതിയ ബജറ്റിലെ ശ്രദ്ധേയമായ പദ്ധതികളാണ്.
പ്രധാന പദ്ധതികളും വകയിരുത്തിയ തുകയും
ആശമാർക്ക് കൈതാങ്ങ്
ആശാ പ്രവർത്തകർക്ക് അധിക ഹോണറേറിയവും യൂണിഫോമും നൽകുന്നതിന് ഒരുകോടി രൂപ, ഗോത്ര വർഗ്ഗ മേഖലയിൽ പ്രവർത്തിക്കുന്ന കോ-ഓർഡിനേറ്റർമാർക്ക് അധിക വേതനം നൽകുന്നതിന് 25 ലക്ഷം രൂപ എന്നീ പദ്ധതികൾ ശ്രദ്ധേയമാണ്. മുൻ വർഷങ്ങളിൽ ബഡ്‌ജറ്റിൽ പറഞ്ഞിരുന്നതും എന്നാൽ സാങ്കേതികത്വങ്ങൾ കൊണ്ട് ഇതുവരെയും നിർവഹണ ഘട്ടത്തിൽ എത്താത്തതുമായ പ്രാധാന പദ്ധതികൾക്ക് പുതിയ ബഡ്‌ജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്.
ഇവ പൂർത്തിയാക്കും
നേരത്തെ പ്രഖ്യാപിച്ചിരുന്ന വാരിയകുന്നൻ സ്മാരകം, പൂക്കോട്ടൂർ യുദ്ധ സ്മാരകം എന്നിവയ്ക്കായി 2.5 കോടി വീതം, വനിതകൾക്ക് സൗജന്യ ബസ് സർവിസിന് 50 ലക്ഷം, ഭിന്നലിംഗക്കാരുടെ നവോത്ഥാനത്തിനും പുനരധിവാസത്തിനുമായി 50 ലക്ഷം, കഴിഞ്ഞ വർഷം മുതൽ തുടങ്ങിയ ഹജ്ജ് യാത്രക്കാർക്കുള്ള സൗജന്യ മരുന്ന് വിതരണത്തിന് 10 ലക്ഷം, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പേ വാർഡിന് 5 കോടി എന്നിങ്ങനെ ബഡ്‌ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാരായ സറീന ഹസീബ്, എൻ.എ.കരീം, ആലിപ്പറ്റ ജമീല, നസീബ അസീസ്, അംഗങ്ങളായ അഡ്വ. പി.വി.മനാഫ്, കെ.ടി.അഷ്റഫ്, ഫൈസൽ എടശ്ശേരി, അഡ്വ. പി.പി.മോഹൻദാസ്, വി.കെ.എം.ഷാഫി, ഇ.അഫ്സൽ, അഡ്വ. ഷെറോണ സാറ റോയ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |