മലപ്പുറം: വിപുലമായ സൗകര്യങ്ങളോടെ ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ പ്രീമിയം കഫേ ഏപ്രിൽ ആദ്യ വാരത്തോടെ കോട്ടയ്ക്കലിൽ പ്രവർത്തനം ആരംഭിക്കും. കോട്ടയ്ക്കൽ ബസ് സ്റ്റാന്റിന്റെ പുറക് വശത്താണ് പ്രീമിയം കഫേ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളടക്കം പൂർത്തിയാക്കിയിട്ടുണ്ട്. ഇനി ബ്രാന്റിംഗ് ജോലികളാണുള്ളത്. കാന്റീൻ, കാറ്ററിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സംരംഭകർക്ക് സുസ്ഥിര വരുമാന ലഭ്യത ഉറപ്പ് വരുത്തുന്നതിനൊപ്പം തൊഴിൽ രംഗത്ത് ഉയർന്ന തലത്തിൽ എത്തിക്കുകയുമാണ് പ്രീമിയം കഫേകൾ വഴി ലക്ഷ്യമിടുന്നത്. ഭക്ഷണ വിതരണം, പാഴ്സൽ സർവീസ്, കാറ്ററിംഗ്, ഓൺലൈൻ സേവനങ്ങൾ, ശുചിത്വം, മികച്ച മാലിന്യ സംസ്‌ക്കരണ ഉപാധികൾ, ശുചിമുറികൾ, വാഹന പാർക്കിംഗ് സൗകര്യം, നാപ്കിൻ മെഷീൻ എന്നിവയിലടക്കം ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടെ ആയിരിക്കും കഫേ എത്തുക. ടേക് എവേ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം എന്നിവയുണ്ടാകും. കേരളീയ വിഭവങ്ങൾക്കൊപ്പം അറബിക്ക്, ചൈനീസ് വിഭവങ്ങളുമുണ്ടാവും. കൂടാതെ, മലപ്പുറത്തെ തനത് രുചികളും എത്തും. പദ്ധതി നടത്തിപ്പിന് താല്പ്യമുള്ളവരിൽ നിന്നും കുടുംബശ്രീ ജില്ലാ മിഷൻ ക്ഷണിച്ച താല്പര്യ പത്രത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അയൽക്കൂട്ട തലത്തിൽ നിന്നും ഉയർന്ന് വന്ന മലപ്പുറം നഗരസഭയിലെ ഷെരീഫ എന്ന സംരംഭകയാണ് പ്രീമിയം കഫേ ആരംഭിക്കുന്നത്. കൂടാതെ, കുടുംബശ്രീ വനിതകളായ 13 പേരെ ജീവനക്കാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷനും മേൽനോട്ടം വഹിക്കും.
പ്രതിദിനം 50,000 രൂപയ്ക്ക് മുകളിൽ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. കഫേ ആരംഭിക്കാൻ 50 ലക്ഷത്തിലധികം രൂപ വരെ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ഇതിൽ 16 ലക്ഷം രൂപ കുടുംബശ്രീ ജില്ലാ മിഷൻ വകയിരുത്തിയിരുന്നു. 65 പേർക്കെങ്കിലും ഒരേസമയം ഭക്ഷണം കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളൊരുക്കാനാണ് പദ്ധതി. എ.സി, നോൺ എ.സി സൗകര്യവുമുണ്ട്. ജീവനക്കാർക്ക് ഐ.ഡി കാർഡും യൂണിഫോമും നിർബന്ധമാക്കും. സംരംഭകയ്ക്കായുള്ള ടെക്നിക്കൽ പരിശീലനം, സ്‌കിൽ പരിശീലനം കുടുംബശ്രീ ജില്ലാ മിഷൻ നൽകും.
പ്രതീക്ഷിക്കുന്ന വിറ്റുവരവ് - 50,000
മറ്റ് നിയോജക മണ്ഡലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ, ബി.സുരേഷ് കുമാർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |