കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി പുറപ്പെടേണ്ട 516 ഹജ്ജ് തീർത്ഥാടകരുടെ യാത്ര കണ്ണൂരിലേക്ക് മാറ്റും. കോഴിക്കോട് നിന്നുള്ള ഉയർന്ന ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്താൻ വിമാന കമ്പനി തയ്യാറാവാത്തതിനെ തുടർന്നാണ് ഈ നടപടി. കണ്ണൂർ എമ്പാർക്കേഷൻ പോയിന്റിൽ നിലവിൽ 516 സീറ്റുകൾ ലഭ്യമാണെന്ന് ഇവിടെ നിന്ന് സർവീസ് നടത്തുന്ന എയർലൈൻ കമ്പനി കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളെ അറിയിച്ചിട്ടുണ്ട്. കൂടുതൽ പേർ രംഗത്തുവന്നാൽ നറുക്കെടുപ്പിലൂടെയാവും കണ്ണൂർ വഴിയുള്ള യാത്രക്കാരെ തിരഞ്ഞെടുക്കുക.
നിലവിൽ ഹജ്ജ് അപേക്ഷയിൽ കോഴിക്കോട് എമ്പാർക്കേഷൻ പോയിന്റ് ഒന്നാമത്തെ ഒപ്ഷനായും, രണ്ടാമത്തെ ഒപ്ഷൻ കണ്ണൂരും നൽകിയവർക്ക് മാത്രമാണ് ഈ അവസരം നൽകുക. 1,423 പേരാണ് ഈ രീതിയിൽ ഹജ്ജ് അപേക്ഷ സമർപ്പിച്ചത്. ഇവർക്ക് എമ്പാർക്കേഷൻ പോയിന്റ് മാറ്റുന്നതിനു പ്രത്യേകം അപേക്ഷ ക്ഷണിക്കും. ഇതിന് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉടനെ പുറത്തിറക്കുമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |