മലപ്പുറം: പ്രവാസികൾക്ക് കൂടുതൽ സംരംഭങ്ങൾ തുടങ്ങാൻ ബാങ്കുകൾ പിന്തുണയ്ക്കണമെന്നും പ്രവാസികളുടെ നിക്ഷേപം അവർക്ക് കൂടി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾ ആവിഷ്‌ക്കരിക്കാനായി ഉപയോഗപ്പെടുത്തണമെന്നും പി.ഉബൈദുള്ള എം.എൽ.എ പറഞ്ഞു. മലപ്പുറത്ത് ചേർന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാവണം. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾ നബാർഡിന്റെ സഹായത്തോടെ നടപ്പാക്കി പുതിയ കാർഷിക സംസ്‌കാരത്തിന് രൂപംകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയുടെ പുരോഗതിക്കായി ബാങ്കുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ വി.ആർ.വിനോദ് പറഞ്ഞു. യോഗത്തിൽ റിസർവ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം എൽ.ഡി.ഒ വി.ജി.മണികണ്ഠൻ, കാനറ ബാങ്ക് എ.ജി.എം എം.ശ്രീവിദ്യ, നബാർഡ് ഡി.ഡി.എം മുഹമ്മദ് റിയാസ്, മലപ്പുറം എൽ.ഡി.എം എം.എ.ടിറ്റൻ, ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ബാങ്കുകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ജില്ലയിൽ ബാങ്കിംഗ് മുൻഗണനാ മേഖലയിൽ 97 ശതമാനം നേട്ടം
ഈ സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച പാദത്തിൽ ജില്ലയിലെ മുൻഗണനാ മേഖലയിൽ 97 ശതമാനത്തിന്റെ വളർച്ചയുണ്ടായതായി യോഗം വിലയിരുത്തി. 2024 സെപ്തംബറിൽ അവസാനിച്ച പാദത്തിൽ 67 ശതമാനമായിരുന്നു വളർച്ചാനിരക്ക്. ആകെ ബാങ്ക് നിക്ഷേപം 57,150.55 കോടിയാണ്. ഇതിൽ 14,578.77 കോടി പ്രവാസി നിക്ഷേപമാണ്. 2.29 ശതമാനത്തിന്റെ വളർച്ചയാണ് കഴിഞ്ഞ പാദത്തെക്കാൾ നിക്ഷേപത്തിൽ വന്നത്. 39,802.39 കോടിയാണ് ആകെ വായ്പയായി നൽകിയത്. കഴിഞ്ഞ പാദത്തെക്കാൾ 3.86 ശതമാനമാണ് വായ്പാ വർദ്ധനവ് ഉണ്ടായത്. വായ്പ നിക്ഷേപ അനുപാതം 69.64 ശതമാനമാണ്. കൂടുതൽ ബ്രാഞ്ചുകളുള്ള പ്രമുഖ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം ഇങ്ങനെയാണ്. കേരള ഗ്രാമീൺ ബാങ്ക് (72.92), കനറാ ബാങ്ക് (78.39), എസ്.ബി.ഐ (46.93), ഫെഡറൽ ബാങ്ക് (32.65), സൗത്ത് ഇന്ത്യൻ ബാങ്ക് (40.29).
ജില്ലയിൽ 719 ബാങ്ക് ശാഖകൾ, 672 എ.ടി.എം-സി.ഡി.എമ്മുകൾ
ജില്ലയിൽ 719 ബാങ്ക് ശാഖകളുടെ ശക്തമായ ശൃംഖലയുണ്ട്. 184 പൊതുമേഖല, 186 സ്വകാര്യമേഖല, 95 ഗ്രാമീൺ, 58 സ്മാൾ ഫിനാൻസ്, 195 സഹകരണ മേഖല, ഒരു പോസ്റ്റൽ പേയ്‌മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകൾ. പുറമെ തുടർച്ചയായ കസ്റ്റമർ സർവീസിനു 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും പ്രവർത്തിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |