മലപ്പുറം: ജില്ലയിൽ നാല് വർഷത്തിനിടെ എൻ.ഡി.പി.എസ് കേസുകളിൽ ഇരട്ടി വർദ്ധനവ്. 2021ൽ 304 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2024ൽ ഇത് 765 ആയി വർദ്ധിച്ചു. കോട്ടയവും ഇടുക്കിയും എറണാകുളവും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി.പി.എസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്. എക്‌സൈസ് വകുപ്പ് മാത്രം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണിത്. പൊലീസിന്റെ കേസുകൾ കൂടിയാവുമ്പോൾ ഇതിന്റെ ഇരട്ടിയോളം വരും. ഈ വർഷത്തെ എൻ.ഡി.പി.എസ് കേസുകളുടെ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി, മെതാംഫിറ്റാമിൻ, അംഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ, ചരസ്, ഒപ്പിയം, കൊക്കൈയ്ൻ, മാജിക് മഷ്റൂം, മോർഫിൻ, നൈട്രോസെപ്പാംസ്, സ്പാസ്‌ലോ പ്രോക്സിവോൺ എന്നീ ലഹരി വസ്തുക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കേസിൽ പകുതിയും യുവാക്കൾ
മറ്റ് പല ജില്ലകളിലും 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾ പ്രതികളായ ലഹരി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ കഴിഞ്ഞ വർഷം ഇത്തരത്തിലുള്ള കേസുകളൊന്നും ജില്ലയിൽ ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരമാണ്. അതേസമയം എൻ.ഡി.പി.എസ് കേസുകളിൽ പ്രതികളാവുന്നവരിൽ പകുതി പേരും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ് എന്നാണ് എക്‌സൈസ് വകുപ്പിന്റെ കണക്ക്.
കുരുക്കുവീണാൽ പെട്ടത് തന്നെ
എൻ.ഡി.പി.എസ് കേസുകളിൽ കുറഞ്ഞത് പത്ത് വർഷമാണ് തടവ്. പിടികൂടുന്ന മയക്കുമരുന്നിന്റെ അളവ് അനുസരിച്ച് 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കും. നിശ്ചിത അളവിലുള്ള ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് വധശിക്ഷയോ, 30 വർഷം വരെ കഠിന തടവോ നൽകാനും വ്യവസ്ഥയുണ്ട്. വ്യവസായികാടിസ്ഥാനത്തിലുള്ള ചില പ്രത്യേക മയക്കുമരുന്നുകൾ ഉൾപ്പെടുന്ന കുറ്റകൃത്യം ചെയ്യുക, നിരന്തരം കുറ്റകൃത്യം ആവർത്തിക്കുക എന്നീ കുറ്റങ്ങൾക്ക് വധശിക്ഷയാണ് ലഭിക്കുക.
വർഷം ..........എൻ.ഡി.പി.എസ് കേസുകൾ
2019 ............................. 599
2020 ............................. 317
2021 ............................. 304
2022 ............................. 361
2023 ............................. 613
2024............................. 765
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |