മലപ്പുറം: പ്ലസ് ടു ഇക്കണോമിക്സ് പരീക്ഷയ്ക്കിടെ ഇൻവിജിലേറ്റർ ഉത്തര പേപ്പർ അര മണിക്കൂറോളം തടഞ്ഞു വെച്ച സംഭവത്തിൽ വീണ്ടും പരീക്ഷ എഴുതാൻ വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയതോടെ അനാമികയ്ക്ക് ആശ്വാസ നിമിഷമായി. പരീക്ഷയ്ക്ക് മുഴുവൻ ഉത്തരങ്ങളും അറിയാമായിരുന്നിട്ടും കരഞ്ഞ് കൊണ്ടാണ് അനാമിക തിരികെ എത്തിയത്. മറ്റൊരു വിദ്യാർത്ഥിനി ഉത്തരം അറയാമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് ആംഗ്യം കാണിച്ചതിനാണ് അനാമികയുടെ ഉത്തര പേപ്പർ പിടിച്ച് വെച്ചത്.
ഒടുവിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരം മലപ്പുറം ആർ.ഡി.ഡി പി.എം.അനിലും സംഘവും വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി വീണ്ടും പരീക്ഷ എഴുതാൻ അവസരം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. സേ പരീക്ഷക്ക് ഒപ്പമായിരിക്കും അവസരമെങ്കിലും പൊതു പരീക്ഷയിലെ ആദ്യ ശ്രമമായി കണക്കാക്കും. പ്രത്യേക സർട്ടിഫിക്കറ്റും നൽകും.
സംഭവത്തിൽ ഇൻവിജിലേറ്റർ ഹബീബ് റഹ്മാനെ സസ്‌പെൻഡ് ചെയ്തിരുന്നു. മലപ്പുറം ഡി.ഡി.ഇ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇറക്കിയത്. ഇൻവിജിലേറ്ററുടേത് കടുത്ത അച്ചടക്ക ലംഘനമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തിയിരുന്നു. വിദ്യാർത്ഥിനിയുടെ പരീക്ഷ എഴുതാനുള്ള സമയം നിഷേധിച്ചത് ഗുരുതര വീഴ്ചയാണെന്നും പരീക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും വിദ്യാർത്ഥിയുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നുമാണ് ഉത്തരവിലുള്ളത്. മലപ്പുറം കെ.എം.എച്ച്.എസ്.എസ് കുറ്റൂർ സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനിയാണ് അനാമിക.
ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ നാല് മുതൽ 4.30 വരെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് ഇൻവിജിലേറ്റർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്. 4.45ന് പരീക്ഷ അവസാനിക്കുകയും ചെയ്തു.
എന്നാൽ സമയം നഷ്ടമായതോടെ വിദ്യാർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നുവെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനിപറഞ്ഞിരുന്നു. പത്തിലും പ്ലസ് വണ്ണിലും എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |