മലപ്പുറം: വയോധികനെതിരെ കാളികാവ് പൊലീസ് വ്യാജ പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌തെന്നാരോപിച്ച് നാട്ടുകാർ സമർപ്പിച്ച പരാതി കെട്ടിച്ചമച്ചതാണെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കാളികാവ് എസ്.എച്ച്.ഒയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസ് തീർപ്പാക്കി. കാളികാവ് കൂരിപ്പൊയിൽ നിവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി. പിലാക്കാടൻ ഷംസുദ്ദീൻ എന്നയാൾക്ക് വേണ്ടിയാണ് നാട്ടുകാർ കമ്മീഷനെ സമീപിച്ചത്.
2024 മേയ് 14 നാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചതായി കാളിക്കാവ് എസ്.എച്ച്.ഒ കമ്മീഷനെ അറിയിച്ചു. കുറ്റപത്രം തയ്യാറാക്കിയ വിവരമറിഞ്ഞാണ് പ്രതിയുടെ അയൽവാസിയായ പൊതുപ്രവർത്തകന്റെ നേതൃത്വത്തിൽ നാട്ടുകാർ കമ്മീഷനിൽ പരാതി നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിയിൽ ഒപ്പിട്ടവരുടെ മൊഴിയെടുത്തെന്നും വസ്തുതയറിയാതെ ഒപ്പിട്ടതാണെന്ന് മൊഴി നൽകിയെന്നും റിപ്പോർട്ടിലുണ്ട്. സാക്ഷിമൊഴി തെളിവുകളും സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്കെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കമ്മീഷന് ഇടപെടാൻ കഴിയില്ലെന്നും കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |