SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

തിരുർ പോരാട്ടം കനക്കും

mpm

തിരൂർ: തിരൂരിൽ മൂന്ന് മുന്നണികളും സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി അങ്കത്തട്ടിലിറങ്ങിയതോടെ ഇനി പോരാട്ടം കനക്കും. യു.ഡി.എഫിന് നിലവിലെ എം.എൽ.എ കുറുക്കോളി മെയ്തീൻ വീണ്ടും മത്സരിക്കുമ്പോൾ മന്ത്രിയും താനൂരിലെ സിറ്റിംഗ് എം.എൽ.എയുമായ വി.അബ്ദുറഹിമാനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ബി.ജെ.പിയ്ക്ക് പാലക്കാട് മേഖല പ്രസിഡന്റ് കെ.നാരായണൻ മാസ്റ്ററും രംഗത്തുണ്ട്.

താനൂരിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച അബ്ദുറഹിമാൻ അവിടെ മത്സരിക്കാൻ വിസമ്മതിച്ചതോടെയാണ് അദ്ദേഹത്തിന്റെ താത്പര്യപ്രകാരം തിരൂരിലേക്ക് മാറ്റിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരൂർ നിയോജക മണ്ഡലം ഉൾപ്പെടുന്ന പൊന്നാനി പാർലമെന്റ് മണ്ഡലത്തിൽ അബ്ദുറഹിമാൻ മികച്ച മുന്നേറ്റം നടത്തുകയും യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം 25,​000 വോട്ടാക്കി കുറക്കാനും സാധിച്ചിരുന്നു. ഇത്തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കുറുക്കോളി മൊയ്തീൻ. കഴിഞ്ഞ തവണ 7,​214 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഗഫൂർ.പി.ലില്ലിസിനെ പരാജയപ്പെടുത്തിയത്. ഇത്തവണ പതിനായിരത്തോളം വോട്ടിന് കുറുക്കോളി മൊയ്തീൻ ജയിക്കുമെന്ന് യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുബോൾ സമാനമായ ഭൂരിപക്ഷമാണ് അബ്ദുറഹിമാന് എൽ.ഡി.എഫിന്റെയും പ്രതീക്ഷ.

കഴിഞ്ഞ തവണ 9,​097 വോട്ടാണ് ബി.ജെ.പിക്ക് വേണ്ടി മത്സരിച്ച അബ്ദുൽ സലാമിന് ലഭിച്ചിരുന്നത്. ഇത്തവണ ഇരട്ടിയാക്കാനാണ് ബി.ജെ.പി ക്യാമ്പ് ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 16ൽ 15 തവണയും ലീഗ് സ്ഥാനാർത്ഥികളാണ് തിരൂരിൽ വിജയിച്ചുട്ടുള്ളത്. 2006ൽ സി.പി.എം തിരൂർ ഏരിയാ സെക്രട്ടറിയായിരുന്ന പരേതനായ പി.പി.അബ്ദുള്ളക്കുട്ടിയിലൂടെ മണ്ഡലത്തിൽ ആദ്യമായി ചെങ്കൊടി പാറി. വിദ്യാഭ്യാസമന്ത്രി കൂടിയായിരുന്ന ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് അബ്ദുള്ളക്കുട്ടി പരാജയപ്പെടുത്തിയത്.

തദ്ദേശം ആവർത്തിച്ചാൽ

2011ൽ മണ്ഡലം പുനർനിർണയിച്ച് തവനൂർ, തിരൂർ മണ്ഡലങ്ങളായി വിഭജിക്കപ്പെട്ടു. തിരൂരിൽ നിന്ന് പുറത്തൂർ, മംഗലം, തൃപ്രങ്ങോട്, തവനൂർ, കാലടി, എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ ഉൾപ്പെടുത്തി തവനൂർ മണ്ഡലം രൂപവത്കരിച്ചു. തിരൂർ നഗരസഭ, വെട്ടം, തലക്കാട്, പഴയ കുറ്റിപ്പുറം മണ്ഡലത്തിലെ തിരുനാവായ, ആതവനാട്, കല്പകഞ്ചേരി, വളവന്നൂർ എന്നീ പഞ്ചായത്തുകളും ചേർത്ത് തിരൂർ മണ്ഡലവും രൂപവത്കരിച്ചു. ഏറെകാലത്തിന് ശേഷം സി.പി.എമ്മിൽ നിന്ന് തലക്കാട് പഞ്ചായത്തിൽ ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നഷ്ടമായ വെട്ടവും തിരൂർ നഗരസഭയിലുമടക്കം നേടിയ മികച്ച വിജയത്തിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL