SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

തിരൂരിൽ അട്ടിമറിയോ; കണക്കുകൾ നിരത്തി മുന്നണികൾ

mpm

തിരൂർ: പതിവിനേക്കാൾ ആവേശം നിറഞ്ഞ തിരഞ്ഞെടുപ്പ് പോരിനൊടുവിൽ തിരൂരിലെ പോളിംഗ് മുൻനിറുത്തി പ്രതീക്ഷകൾ കൂട്ടിയും കിഴിച്ചും മുന്നണികൾ. കഴിഞ്ഞ തവണ 73.21 ശതമാനമാണ് പോളിംഗ് ശതമാനമുണ്ടായിരുന്നതെങ്കിൽ ഇത്തവണ 75.95 ആയി വർദ്ധിച്ചിട്ടുണ്ട്. അതേസമയം ജില്ലയിലെ മറ്റ് പല മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പോളിംഗിലെ കുറവ് മൂന്ന് മുന്നണികൾക്കും ആശങ്ക പകരുന്നതാണ്. ആത് യു.ഡി.എഫിനാണോ എൽ.ഡി.എഫിനാണോ തിരിച്ചടി എന്ന് അറിയാൻ മേയ് നാല് വരെ കാത്തിരിക്കണം.

കല്പകഞ്ചേരി, ആതവനാട്, വളവന്നൂർ,​ തിരുന്നാവായ, തലക്കാട്, വെട്ടം പഞ്ചായത്തുകളിലായും തിരൂർ മുനിസിപ്പാലിറ്റിയിലായും ആകെ 243 ബൂത്തുകളാണുള്ളത്. അതിൽ എല്ലാ പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. അതുകൊണ്ട് തന്നെ കണക്കുകൾ നിരത്തി കഴിഞ്ഞ തവണ ലഭിച്ച ഭൂരിപക്ഷമായ 7,​341 വോട്ട് നിലനിർത്തുമെന്ന് തന്നെയാണ് യു.ഡി.എഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.അബ്ദുറഹ്മാൻ അടിത്തട്ടിൽ നടത്തിയ ചില തന്ത്രങ്ങളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. ലീഗ് കോട്ടയായ താനൂരിൽ രണ്ട് തവണ ജയിച്ച് കയറിയ അനുഭവസമ്പത്ത് ഇത്തവണ തിരൂരും പ്രയോഗിച്ചിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. തികച്ചും വിജയ പ്രതീക്ഷയിലാണ് ഇരുമുന്നണികളും. പക്ഷെ അടിയൊഴുക്കുകൾ ഏത് ദിശയിലേക്കാണ് ഒഴുകിയത് എന്ന് ഇരുകൂട്ടർക്കും ആശങ്കയുണ്ട്.

നിലവിലെ എം.എൽ.എയായ കുറുക്കോളി മൊയ്തീൻ കഴിഞ്ഞ 5 വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും താനൂരിൽ വി.അബ്ദുറഹ്മാൻ പരാജയമാണെന്നും താനൂർ ബോട്ടപകടകാരണവും മെസിയെ കേരളത്തിൽ എത്തിക്കാത്തതും ഉൾപ്പെടെ തിരഞ്ഞെടുപ്പ് വിഷയമായി ഉയർത്തിക്കാട്ടിയപ്പോൾ എൽ.ഡി.എഫ് ക്യാമ്പ് വികസന മുരടിപ്പ് കാണിച്ചാണ് വോട്ടർമാർക്കിടയിൽ ഇറങ്ങിയത്. തിരൂരിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് പ്രഖ്യാപിച്ചാണ് വോട്ടുതേടിയത്. കഴിഞ്ഞ തവണ ലഭിച്ച 9,​097 വോട്ട് വർദ്ധിപ്പിക്കുവാൻ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പദ്ധതികളാണ് ബി.ജെ.പി വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിച്ചത്.

ചിഹ്നം ചതിക്കുമോ

താനൂരിൽ രണ്ട് തവണയും സ്വതന്ത്ര ചിഹ്നത്തിലാണ് വി.അബ്ദുറഹ്മാൻ വിജയക്കൊടി പാറിച്ചത്. പക്ഷെ തിരൂരിലെത്തിയപ്പോൾ പാർട്ടി ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ജനവിധി തേടിയത്. നിഷ്പക്ഷ വോട്ടുകൾ പാർട്ടി ചിഹ്നത്തിൽ വീണിട്ടുണ്ടോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ ആർക്കും പ്രവചനാതീതമാണ് തിരൂരിലെ വിജയം ആർക്കൊപ്പം നൽക്കുമെന്ന്. എസ്.ഡി.പി.ഐ അടക്കമുള്ള ന്യൂനപക്ഷ സംഘടനകളുടെ വോട്ട് തിരൂരിലെ വിധി നിർണ്ണയിക്കും. എസ്.ഡി.പി.ഐ വി.അബ്ദുറഹ്മാന് പരോക്ഷ പിന്തുണ നൽകിയിട്ടുണ്ടെങ്കിലും അവരുടെ മുഴുവൻ വോട്ടും രേഖപ്പെടുത്തിയോ എന്നതിൽ ചെറിയ ആശങ്ക എൽ.ഡി.എഫ് ക്യാമ്പിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL