മലപ്പുറം: ഇൻകെൽ സിറ്റിയിലെ പ്ലൈവുഡ് നിർമ്മാണശാലയിൽ ഉണ്ടായ തീപിടിത്തം പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകിട്ട് 5 മണിയോടെയാണ് എ.എം.എ ലാമിനേറ്റെർസ് എന്ന പേരിലുള്ള പ്ലൈവുഡ് നിർമ്മാണശാലയിൽ തീപിടുത്തമുണ്ടായത്. യന്ത്ര സാമഗ്രികളിൽ നിന്നുള്ള തീ ഡസ്റ്റ് കളക്ടറിൽ എത്തി ആളിപ്പടരുകയായിരുന്നു. ജീവനക്കാർ ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനാവാത്ത വിധം തീ വ്യാപിക്കുകയായിരുന്നു. ഉടൻ മലപ്പുറം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം.അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ അഗ്നി രക്ഷാസേന മൂന്നുമണിക്കൂറോളം പണിപ്പെട്ടാണ് തീ പൂർണമായും അണച്ചത്. നൂറിലധികം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിലുണ്ടായ അഗ്നിബാധ മലപ്പുറം അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വേഗത്തിൽ തീയണക്കാനായത് വൻ അപകടമാണ് ഒഴിവാക്കിയത്. അഗ്നിബാധയിൽ മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ ആർ.അരുൺ, സേനാംഗങ്ങളായ മനോജ് മുണ്ടേക്കാട്, പി.മുഹമ്മദ് ഷഫീഖ്, എ.വിപിൻ, സി.വേണുഗോപാൽ, സി.രാജേഷ് എന്നിവർ ചേർന്നാണ് തീ അണച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |