പ്രാണഭീതിയിൽ ആദിവാസികൾ
കാളികാവ്: തൊഴിലോ വരുമാനമാർഗ്ഗങ്ങളോ ഇല്ലാതെ ഗതിമുട്ടിയ ആദിവാസികൾക്ക് നേരം ഇരുട്ടിയാൽ പുറത്തിറങ്ങാനും ഭയം. ആന, കടുവ,പുലി തുടങ്ങിയ
വയുടെ സാന്നിദ്ധ്യം മൂലം ആദിവാസികൾ കഴിയുന്നത് പ്രാണഭയത്തോടെ.
കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളി ഗഫൂർ അലിയെ കടുവ
കൊന്നതോടെ ആദിവാസികൾക്ക് വിഭവ ശേഖരണത്തിന് കാട്ടിലേക്ക് പോവാൻ പേടിയാണ്. വനത്തിൽ പോയി വിറകും തേനും മറ്റു ഔഷധ സസ്യങ്ങളും ശേഖരിച്ചാണ് ആദിവാസികൾ ഉപജീവനം കണ്ടെത്തുന്നത്. വന്യമൃഗ ശല്യം കൂടിയതോടെ ഉപജീവനവും മുടങ്ങിയ അവസ്ഥയാണ്.
ആനകൾക്കു പുറമെ കടുവ, പുലി, കാട്ടുപോത്ത് തുടങ്ങിയവയും
ആദിവാസി കേന്ദ്രങ്ങൾക്ക് അരികിൽ താവളം ഉറപ്പിച്ചതാണ് കടുത്ത ഭീഷണിയായിട്ടുള്ളത്.
സംസ്ഥാന അതിർത്തി പങ്കിടുന്ന വഴിക്കടവ് മുതൽ ജില്ലാ അതിർത്തിയായ കരുവാരക്കുണ്ട് വരെ അടുത്ത കാലത്തായി ആന ശല്യം ഏറെ രൂക്ഷമാണ്.
വനമേഖലയിൽ താമസിക്കുന്ന ആദിവാസികളാണ് കടുത്ത ഭീഷണി നേരിടുന്നത്.
നേരം ഇരുട്ടുന്നതോടെ കാട്ടാനക്കൂട്ടം ഇറങ്ങും. കണ്ണിൽ കണ്ടതെല്ലാം തകർക്കും.
രണ്ടുമാസം മുമ്പ് നാൽപ്പത് സെന്റ് ഊരിലെ എടക്കര പത്മിനിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാനക്കൂട്ടം കക്കൂസ്, കുടിവെള്ള ടാങ്ക് മുതലായവ നശിപ്പിച്ചിരുന്നു.
ഇതേസ്ഥലത്തെ വെള്ളന്റെ വീടിന്റെ ഒരു ഭാഗം തകർത്തു. വീടിന്റെ ഓട് വലിച്ചിട്ടു. മുറ്റത്തുണ്ടായിരുന്ന വാഴകൾ നശിപ്പിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വെള്ളൻ ഇരുട്ടിൽ ആനയുടെ മുന്നിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
ഒരു നടപടിയുമില്ല
ചോക്കാട് നാൽപ്പത് സെന്റ് ഊരിലേക്ക് എത്തുന്ന ആനകളെ പ്രതിരോധിക്കാൻ യാതൊരു നടപടികളുമെടുത്തിട്ടില്ല.
ഊരിന്റെ ചെറിയൊരു ഭാഗത്ത് ചെറുമതിലും അമ്പത് മീറ്റർ മാത്രം ദൈർഘ്യമുള്ള സോളാർ വേലിയും മാത്രമാണുള്ളത്.
നൂറിലേറെ കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നം.
രാത്രികാലത്ത് സ്ട്രീറ്റ് ലൈറ്റ് പോലും ഇല്ലാത്തത് ഇവിടത്തുകാരെ വലയ്ക്കുന്നുണ്ട്. നാൽപ്പതോളം ഇലക്‌ട്രിക് പോസ്റ്റുകളുണ്ടെങ്കിലും ഒന്നിൽ പോലും സ്ട്രീറ്റ് ലൈറ്റുകളില്ല
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയാണെങ്കിൽ രാത്രിസമയത്ത് വന്യജീവിസാന്നിദ്ധ്യം തിരിച്ചറിയാൻ സഹായകമാവുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
വൈകിട്ട് ആറുകഴിഞ്ഞാൽ വാഹനങ്ങളൊന്നും വന്യജീവി പ്രശ്നം കാരണം നാൽപ്പതുസെന്റിലേക്ക് ചെല്ലാറില്ല. ആർക്കെങ്കിലും അസുഖമോ മറ്റോ വന്നാൽ ആശുപത്രിയിൽ കൊണ്ടുപോവാൻ പോലും കഴിയാറില്ല.
നാൽപ്പത് സെന്റ്, ചിങ്കക്കല്ല് ഊരുകളിലെ കാട്ടാനശല്ല്യം പൂർണ്ണമായും തടയുന്നതിനായി നാല് കിലോമീറ്റർ സോളാർ വേലി സ്ഥാപിക്കും.ഇതിനായുള്ള പ്രോജക്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്
പി.ടി. മുബഷിർ, ഫോസ്റ്റ് റെയിഞ്ചർ
ആദിവാസികൾ നേരിടുന്ന വന്യമൃഗ ഭീതി ഫലപ്രദമായി ഇല്ലാതാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കും.ഇതിന്റെ ഭാഗമായി വന ജാഗ്രതാ സമിതി യോഗം ചേർന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നാൽപ്പത് സെന്റ് ഊരിന് ചുറ്റും സോളാർ വേലി സ്ഥാപിക്കും.ഇക്കാര്യം വനം വകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം തന്നെ നടപടിയാരംഭിക്കും.
ആനിക്കോട്ടിൽ ഉണ്ണികൃഷ്ണൻ.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ചോക്കാട് പഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |