പാലക്കാട്: വാഹന യാത്രക്കാർ റെയിൽവേ ഗേറ്റുകളിൽ കാത്തുകിടക്കുന്നത് മൂലമുള്ള സമയനഷ്ടവും പ്രയാസങ്ങളും ഒഴിവാകുന്നു. പാലക്കാട് ജില്ലയിലെ റെയിൽവേ ഗേറ്റുകൾ ഇലക്ട്രിക്കൽ സംവിധാനത്തിലേക്ക്. പ്രധാന റോഡുകളിലെ റെയിൽവേ ഗേറ്റുകൾ വൈദ്യുതി ഉപയോഗിച്ച് ഉയർത്തുന്ന (ഇലക്ട്രിക്കൽ ഓപ്പറേറ്റഡ് ലിഫ്റ്റിംഗ് ബാരിയർ) സംവിധാനത്തിലേക്ക് മാറ്റാൻ റെയിൽവേ. ആദ്യഘട്ടത്തിൽ പാലക്കാട് ഡിവിഷനിലാകെ മുപ്പതോളം റെയിൽവേ ഗേറ്റുകളാണ് പുതിയ സംവിധാനത്തിലേക്ക് മാറ്റുക. ഇതിൽ ജില്ലയിലെ ഏഴു റെയിൽവേ ഗേറ്റുകളും ഉൾപ്പെടും. പുതിയ സംവിധാനം നടപ്പിലാക്കുമ്പോൾ ട്രെയിൻ കടന്നുപോയ ഉടൻ ഗേറ്റ് കീപ്പർമാർക്ക് വേഗത്തിൽ ഗേറ്റ് തുറക്കാനാവും. ഇതോടെ വാഹനങ്ങൾക്ക് പെട്ടെന്നു കടന്നുപോകാനും കഴിയും.
പാലക്കാട്-പൊള്ളാച്ചി പാതയിലെ പാലക്കാട് ടൗൺ ഗേറ്റ്, കഞ്ചിക്കോട്, എട്ടിമട, ലക്കിടി-പാമ്പാടി, പട്ടാമ്പി, പള്ളിപ്പുറം എന്നീ ഗേറ്റുകളും, ഷൊർണ്ണൂർ-നിലമ്പൂർ പാതയിലെ രണ്ട് റെയിൽവേ ഗേറ്റുകളാണ് ഇലക്ട്രിക്കൽ ബാരിയർ സംവിധാനത്തിലേക്കു മാറ്റുന്നത്. ഇതിൽ വാഹനത്തിരക്കേറെയുണ്ടാകുന്ന ലക്കിടി-പാമ്പാടി റെയിൽവേ ഗേറ്റ് പാലക്കാട്-തൃശ്ശൂർ ജില്ലകളുടെ അതിർത്തിയിലാണെന്നതിനാൽ ഇവിടെ അടിക്കടി ഗേറ്റ് അടയ്ക്കുന്നതുമൂലം ഗതാഗതക്കുരുക്കും പതിവാണ്. പ്രധാന റോഡുകളിലെ റെയിൽവെ ഗേറ്റുകൾ ഇടക്കിടെ തകരാറിലാവുന്നതും തകരാർ പരിഹരിക്കുന്നതിനായി മണിക്കൂറോളം ഗേറ്റ് അടച്ചിടുന്നതും വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാന്നുണ്ട്. പുതിയ സംവിധാനത്തിലേക്കു റെയിൽവേ ഗേറ്റുകൾ മാറുന്നതോടെ ട്രെയിൻ കടന്നു പോയാൽ പത്ത് സെക്കന്റിനകം ഗേറ്റ് ഉയർത്തി വാഹനങ്ങൾക്ക് കടന്നുപോകാനാകും. നിലവിൽ മാനുവൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഗേറ്റുകൾ ട്രെയിൻ പോയാലും തുറക്കാൻ 1-2 മിനിറ്റുവരെ സമയമെടുക്കും. കൈകൊണ്ട് തിരിച്ച് ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന റെയിൽവേ ഗേറ്റുകൾക്ക് പരിപാലന ചെലവും ഏറെയാണ്.
റെയിൽവെ ഗേറ്റുകൾ ഓട്ടോമാറ്റിക്കാവുന്നതോടെ ഗേറ്റ് കീപ്പർമാരുടെ ജോലിഭാരം കുറയുകയും യാത്രക്കാരുടെ സുരക്ഷയുറപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ അധികൃതർ. നിലവിൽ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി-കടലുണ്ടി റെയിൽവേ ഗേറ്റിൽ പുതിയ സംവിധാനം നടപ്പിലാക്കി കഴിഞ്ഞെങ്കിലും ബാക്കിയുളള റെയിൽവേ ഗേറ്റുകളിൽ കൂടി താമസിയാതെ സംവിധാനം നടപ്പിലാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |