SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

രണ്ടാഴ്ച വേനൽമഴ കനക്കും, പിന്നാലെ എത്തും കാലവർഷവും

rain

പാലക്കാട്: സംസ്ഥാനത്ത് അടുത്ത രണ്ടാഴ്ച തുടർച്ചയായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെയും ന്യൂനമർദപാത്തിയുടെയും ഫലമായാണ് മഴയുടെ സ്വഭാവം സംസ്ഥാനത്ത് മാറിയത്.

വൈകീട്ട് മാത്രം ഇടിമിന്നലോടുകൂടി പെയ്യുന്ന വേനൽമഴയ്ക്ക് പകരം ഇപ്പോൾ രാത്രിയും പുലർച്ചെയുമായാണ് മഴ ലഭിക്കുന്നത്. പെട്ടെന്ന് പെയ്തു തോരുന്നതിന് പകരം മണിക്കൂറുകൾ നീളുന്ന മഴ പല ഭാഗത്തുമുണ്ട്. ഇതോടെ സംസ്ഥാനത്തെ ഉയർന്ന താപനിലയിൽ ഗണ്യമായ കുറവുണ്ടായി. കൊടുംചൂടിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് വേനൽമഴ വലിയ ആശ്വാസമാണ് നൽകിയത്. മഴ കുറഞ്ഞതോടെ മിക്ക ജില്ലകളിലും മുൻപ് താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. സൂര്യാഘാത മുന്നറിയിപ്പുകളും സർക്കാർ നൽകിയിരുന്നു. എന്നാൽ മഴ കനത്തതോടെ ചൂട് സാധാരണ നിലയിലേക്കെത്തി. ഇതോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു.

അടുത്ത രണ്ടാഴ്ച കൂടി സംസ്ഥാനത്ത് ഇതേ രീതിയിൽ മഴ തുടരും. ഇതിന് പിന്നാലെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷത്തിനായി കേരളം ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്. സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും കനത്ത വേനൽമഴ വലിയ അനുഗ്രഹമായി. വരൾച്ച നേരിട്ട പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമത്തിനും നേരിയ ശമനമുണ്ടായി. കൃഷിനാശം ഭയന്ന കർഷകർക്ക് മഴ ആശ്വാസം നൽകി.

നെൽകർഷകർക്ക് ആശ്വാസം

നാളുകളുടെ കാത്തിരിപ്പിന് ശേഷം വേനൽമഴ പെയ്തതോടെ ആശ്വാസത്തിലാണ് നെൽക്കർഷകർ. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ വേനൽമഴ ലഭിക്കാൻ വൈകിയത് കർഷകരെ ആശങ്കയിലാക്കിയിരുന്നു. ഏപ്രിൽ അവസാനമോ മേയ് ആദ്യമോതന്നെ ഒന്നാംവിള കൃഷിയുടെ നടപടിക്രമങ്ങൾ തുടങ്ങുമായിരുന്നു. എന്നാൽ വേനൽമഴ വൈകിയതിനാൽ ഇത്തവണ മേയ് പകുതിയോടെ മാത്രമേ കൃഷി തുടങ്ങാൻ കഴിയൂ. സെപ്തംബറോടെ വിളവെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ചുദിവസം മുമ്പ് മഴ പെയ്തതോടെ കർഷകർ നിലമൊരുക്കാൻ തുടങ്ങി. 20 ഓടെ കൃഷി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പൊടിവിതയ്ക്ക് മഴ നിർബന്ധം

ജില്ലയിൽ വടക്കഞ്ചേരി, ആലത്തൂർ, പുതുക്കോട്, കണ്ണമ്പ്ര തുടങ്ങിയ ഇടങ്ങളിൽ മാത്രമാണ് പൊടിവിതയുള്ളത്. മറ്റിടങ്ങളിൽ ഞാറുപറിച്ച് നടുകയാണ്. ദീർഘകാലം നിലനിൽക്കുന്നതും മഴയെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ വിത്തിനങ്ങളാണ് ഒന്നാംവിളയ്ക്ക് തെരഞ്ഞെടുക്കുന്നത്. മട്ട, പൊൻമണി തുടങ്ങിയ വിത്തുകളാണ് ഉപയോഗിക്കുന്നത്. ജില്ലയിൽ മട്ടയ്ക്കാണ് പ്രധാന്യം. ആദ്യം ചാണകം, പച്ചിലവളം തുടങ്ങി ജൈവവളങ്ങളും പിന്നീട് കൃത്യമായ ഇടവേളകളിൽ രാസവളങ്ങളും നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL