SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.06 AM IST

പാലക്കാട് ഇഞ്ചികൃഷി സജീവം; വിത്തിന് വില കുത്തനെ കൂടി

ginger
പാലക്കാട് മലയോര മേഖലയിൽ ഇഞ്ചിക്കൃഷിക്ക് തുടക്കമായപ്പോൾ.

മംഗലഡാം: വേനൽമഴ വൈകിയതും തുടർച്ചയായ കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ വൈകിയെങ്കിലും പാലക്കാട് ജില്ലയുടെ വിവിധഭാഗങ്ങളിൽ ഇഞ്ചികൃഷി വീണ്ടും സജീവമായി. സ്വന്തം ഭൂമിയോടൊപ്പം വലിയ തോതിൽ പാട്ടത്തിനെടുത്ത വയലുകളിലും ഇഞ്ചിക്കൃഷിയിറക്കുന്ന തിരക്കിലാണ് കർഷകർ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ വിസ്തൃതിയിലാണ് കൃഷി നടക്കുന്നത്. പെരുമ്പാവൂർ, കോതമംഗലം, പാല, കോട്ടയം മേഖലകളിൽ നിന്നുള്ള കർഷകരാണ് നെന്മാറ ഉൾപ്പെടെയുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിലെ പാടശേഖരങ്ങൾ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരിക്കുന്നത്. മഴ വൈകിയതും പിന്നാലെ പെയ്ത കനത്തമഴയും കാരണം പതിവ് സമയത്തേക്കാൾ ഒന്നരമാസം വൈകിയാണ് കൃഷി ആരംഭിച്ചത്. മണ്ണ് നനഞ്ഞ നിലയിലായതിനാൽ തൊഴിലാളികളെ ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ഏരിയയുണ്ടാക്കുന്നത് പ്രയാസമായിരിക്കുകയാണ്. മിക്ക കർഷകരും മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ചാണ് നിലം ഒരുക്കുന്നത്. എന്നാൽ കൃഷിക്കായി ഭൂമി പാട്ടത്തിനെടുക്കുന്നതിനും കർഷകർക്ക് വലിയ ചെലവാണ് വഹിക്കേണ്ടിവരുന്നത്. ഏക്കറിന് 50,000 മു തൽ 70,000 രൂപ വരെയാണ് പാട്ടത്തുക. ഇതോടൊപ്പം തൊഴിലാളി ക്ഷാമം, വളംവില വർദ്ധന, യന്ത്രച്ചെലവ് എന്നിവയും കർഷ കരുടെ ചെലവുഭാരം കൂട്ടുന്നു. ഇഞ്ചി വിത്തിന്റെ വിലവർദ്ധനും കർഷകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായ വർദ്ധനവാണ് ഇത്തവണ. ഒരു കിലോ വിത്ത് ഇഞ്ചിക്ക് നിലവിൽ 150 രൂപ വരെയാണ് വില. വയനാട്, കാസർകോട്, കർണാടക തുടങ്ങി യ ഭാഗങ്ങളിൽ നിന്നാണ് സാധാരണയായി വിത്ത് എത്താറുള്ളത്. എന്നാൽ ഇത്തവണ ലഭ്യത കുറവായതും ഗതാഗതചെലവ് ഉയർന്നതും വില വർദ്ധിക്കാൻ കാരണമായി.

ഹിമാചൽ ഇനത്തിലുള്ള മുളവിത്തുകൾ

 ഹിമാചൽ ഇനത്തിലുള്ള മുളവിത്തുകളാണ് കർഷകർ തെരഞ്ഞെടുത്തിരിക്കുന്നത്.

 രോഗബാധ കുറവായതും കൂടുതൽ ഉത്പാദന ശേഷിയുള്ളതുമാണ് ഈ ഇനത്തിന്റെ പ്രത്യേകത.

 ഏക്കറിന് ശരാശരി 600 കിലോ ഗ്രാം വരെ ഇഞ്ചി വിത്താണ് ആവശ്യമായി വരുന്നത്.

ചുക്കാണ് വിപണിയിലെ താരം

വിപണിയിൽ നിലവിൽ ചുക്കിന് കിലോഗ്രാമിന് ഏകദേശം 300 രൂപവരെ വില ലഭിക്കുന്നതും കർഷകർക്ക് പ്രതീക്ഷ നൽകുന്നു. വിളവെടുപ്പ് സമയത്ത് ഇഞ്ചിക്കും മികച്ച വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മിക്ക കർഷകരും കൃഷിയിറക്കിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, FARMER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL