കഞ്ചിക്കോട്: മദ്യം ഉത്പാദനത്തിനൊരുങ്ങുന്ന മലബാർ ഡിസ്റ്റിലറിയിൽ സൂക്ഷിച്ചിരിക്കുന്ന എക്‌സൈസ് വകുപ്പിന്റെ വാഹനങ്ങൾ മാറ്റാൻ നടപടി ആയില്ല. ഡിസ്റ്റിലറി വളപ്പിലും ഗോഡൗണുകൾക്ക് അകത്തും വിവിധ കേസുകളിലായി എക്‌സൈസ് വകുപ്പ് പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞ് കിടക്കുകയാണ്. ലക്ഷക്കണക്കിന് രൂപ വില വരുന്ന വാഹനങ്ങളാണിവിടെ ചിതലരിച്ച് കിടക്കുന്നത്. ബൈക്കുകൾ, കാറുകൾ, ലോറികൾ തുടങ്ങിയ വാഹനങ്ങളാണ് തൊണ്ടി മുതലായി സൂക്ഷിച്ചിരിക്കുന്നത്. മലബാർ ഡിസ്റ്റിലറി പ്രവർത്തനമില്ലാതെ കിടന്ന സമയത്താണ് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വാഹനങ്ങൾ ഇവിടെ സൂക്ഷിക്കാൻ പദ്ധതി തയ്യാറാക്കിയത്.
ഈ വാഹനങ്ങൾ സൂക്ഷിക്കുന്നതിന് എക്‌സൈസ് വകുപ്പ് മലബാർ ഡിസ്റ്റിലറിക്ക് വാടക നൽകുന്നുണ്ട്. ഉദ്പാദന പ്രവർത്തനം നിലച്ച സമയത്ത് ഈ വാടക തുക മലബാർ ഡിസ്റ്റിലറിയുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമായിരുന്നു.
വാഹനങ്ങൾ ഒഴിവാക്കാൻ നടപടിയായില്ല
ഡിസ്റ്റിലറിയുടെ പ്രവർത്തന ഉദ്ഘാടനം കഴിഞ്ഞിട്ടും വാഹനങ്ങൾ ലേലം ചെയ്ത് ഒഴിവാക്കാനോ വേറെ സ്ഥലം കണ്ടെത്താനോ എക്‌സൈസ് വകുപ്പ് തയ്യാറായിട്ടില്ല.
ഉത്പാദന പ്രക്രിയ ആരംഭിക്കുന്നതോടെ ഡിസ്റ്റിലറിയുടെ പ്രവർത്തനത്തിന് കൂടുതൽ സ്ഥലം ആവശ്യമായി വരും.
നിലവിൽ ഗോഡൗണിൽ മോട്ടോർബൈക്ക് നിറഞ്ഞ് കിടക്കുകയാണ്. ഇത് പുറത്തെടുത്ത് മാറ്റിയാലേ ഗോഡൗൺ ഡിസ്റ്റിലറിയുടെ പ്രവർത്തനത്തിന് ഉപയോഗിക്കാൻ കഴിയൂ.
മഴവെള്ള സംഭരണി സ്ഥാപിക്കാൻ രൂപരേഖയായി
കമ്പനിയുടെ വകയായുള്ള 117 ഏക്കർ സ്ഥലത്ത് മഴവെള്ള സംഭരണി സ്ഥാപിക്കാൻ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ മഴ വെള്ള സംഭരണികളിൽ സംഭരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് മദ്യം നിർമ്മിക്കേണ്ടത്. കമ്പനി സ്ഥലത്ത് പല ഭാഗത്തായി കാർ, ജീപ്പ്, ലോറി തുടങ്ങിയ വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങൾ ഇങ്ങനെ കിടക്കുന്നത് മഴ വെള്ള സംഭരണികൾ ഒരുക്കുന്നതിന് വലിയ തടസമാകും. ഈ വർഷക്കാലത്ത് മഴ വെള്ളം സംഭരിച്ചെങ്കിൽ മാത്രമെ വരും ദിവസങ്ങളിൽ ഡിസ്റ്റിലറിയുടെ പ്രവർത്തനം മുന്നോട്ട് പോകാൻ കഴിയുകയുള്ളു. ഡിസ്റ്റിലറിക്ക് നൽകുന്ന മലമ്പുഴ വെള്ളത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ആദ്യ ഘട്ടം കഴിഞ്ഞാൽ പിന്നീട് മലമ്പുഴ വെള്ളം ലഭിക്കുകയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |