കഞ്ചിക്കോട്: വെള്ളമില്ല, വെളിച്ചമില്ല, നല്ല റോഡുകളില്ല, പണിയെടുക്കാൻ തൊഴിലാളികളുമില്ല. കേരളത്തിൽ ഏറ്റവും അധികം വരുമാനമുള്ള കഞ്ചിക്കോട് വ്യവസായ മേഖലയുടെ അവസ്ഥയാണിത്. പ്രതീക്ഷ ഉയർത്തി പ്രഖ്യാപിക്കപ്പെട്ട കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി ഇപ്പോഴും കടലാസിൽ തന്നെയാണ്. പൊതു മേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലും സ്വകാര്യവത്കരണത്തിന്റെ നിഴലിലുമാണ്. സ്വകാര്യ മേഖലയാണ് ഇവിടെ സമ്പദ്ഘടനയിൽ നിർണായക സ്വാധീനം ചെലുത്തുന്നത്. പക്ഷെ മാറിയ സാഹചര്യങ്ങൾ സ്വകാര്യ മേഖലയിലും പ്രതിസന്ധിയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
ജലവിതരണം തടസപ്പെടുന്നത് അടുത്ത കാലത്തായി വ്യവസായ മേഖല നേരിടുന്ന വലിയ പ്രശ്നമാണ്. കമ്പനികളിലും ക്വാർട്ടേഴ്സുകളിലും വെള്ളം തടസപ്പെടുന്നത് പതിവായി. മലമ്പുഴ റിസർവോയറിൽ നിന്നാണ് ഇവിടേക്ക് വെള്ളം എത്തിക്കുന്നത്. പമ്പിംഗ് തടസപ്പെടുന്നതാണ് ജലവിതരണം മുടങ്ങാൻ കാരണം. ഇത് ഉത്പാദന പ്രക്രിയയെ ബാധിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നടപടിയുണ്ടായിട്ടില്ല. വൈദ്യുതി വിതരണത്തിലെ അപാകതകളും വലിയ പ്രശ്നമാണ്. വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന് പുതിയ പവർ സ്റ്റേഷൻ വേണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 50 മെഗാവാട്ടിന്റെ പുതിയ പദ്ധതി നടപ്പാക്കാനായി വ്യവസായ വകുപ്പ് കെ.എസ്.ഇ.ബിക്ക് ഭൂമി കൈമാറിയിട്ട് കാലങ്ങളേറെയായി. ഒരു നടപടിയും ഉണ്ടായിട്ടില്ല. ഭൂമിക്കടിയിലൂടെ കേബിൾ വഴി വൈദ്യുതി എത്തിക്കുന്ന സംവിധാവും യാഥാർത്ഥ്യമായിട്ടില്ല. വൈദ്യുതി വിതരണത്തിലെ അപാകത ഉത്പാദനത്തെയും യന്ത്രങ്ങളുടെ കാര്യക്ഷമതയെയും ബാധിക്കുന്നുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ ചരക്ക് നീക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള വിവിധ റോഡുകൾക്കായി 30 കോടി രൂപ അനുവദിച്ചിരുന്നു. ഫണ്ട് വരാൻ കാലതാമസം നേരിട്ടതിനെ തുടർന്ന് കരാറുകാർ റീ എസ്റ്റിമേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതിന് അനുമതി കിട്ടാത്തത് മൂലം കരാറുകാർ പണി നിറുത്തി പോയി. 20 ശതമാനം പണികൾ മാത്രമെ പൂർത്തീകരിച്ചിട്ടുള്ള. മഴക്കാലം തുടങ്ങിയതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞ് റോഡുകൾ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. പാചക വാതക സിലിണ്ടറിന്റെയും അസംസ്‌കൃത വസ്തുക്കളുടെയും ക്ഷാമവും നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളിൽ പകുതിയിലേറെ പേരും തിരിച്ച് വരാത്തതും വ്യവസായ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ഇത് ഫാക്ടറികളിൽ ഉത്പാദനം ഗണ്യമായി കുറയാൻ കാരണമായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |