മംഗലംഡാം: ചക്ക പറിക്കാനുള്ള കാട്ടാനകളുടെ പരീക്ഷണത്തിൽ തോട്ടം ഉടമയ്ക്ക് നഷ്ടമായത് 15 വലിയ കവുങ്ങുകൾ. കുഞ്ചിയാർപ്പതി മൂച്ചിനിരപ്പിൽ പൂക്കുന്നേൽ പ്രസാദ് വർഗീസിന്റെ തോട്ടത്തിലാണ് കഴിഞ്ഞ രാത്രി ആനകളുടെ പുതിയ പരീക്ഷണം നടന്നത്. പ്ലാവിനു ചുറ്റുമുള്ള കവുങ്ങുകളെല്ലാം തള്ളിയിട്ട് നശിപ്പിച്ചിരിക്കുകയാണെന്ന് തോട്ടം സൂപ്രണ്ട് സുന്ദരൻ പറഞ്ഞു. എത്തിപ്പിടിക്കാൻ പറ്റാത്തവിധം ഉയരത്തിലുള്ള ചക്കകൾ പറിക്കാൻ ആനകൾ കണ്ടെത്തിയ പുതിയ വിദ്യയാണിത്. മരത്തിൽ മുൻകാലുകൾ വച്ച് പൊങ്ങി തുമ്പിക്കൈ കൊണ്ട് പിടിക്കാവുന്ന ചക്കയെല്ലാം അവസാനിച്ചപ്പോഴാണ് ഉയരത്തിലുള്ള ചക്ക കൂടി അകത്താക്കാൻ പരീക്ഷണം നടത്തിയത്. വനാതിർത്തികളിലും സ്വകാര്യ തോട്ടങ്ങളിലുമുള്ള സോളാർ വൈദ്യുതി വേലി തകർത്ത് ആനകൾ തോട്ടങ്ങളിലെത്തുന്നതും ഈ രീതിയിലാണ്. ചക്ക കിട്ടാത്തതിന്റെ കലിപ്പിൽ നിരവധി കുരുമുളക് കൊടികളും ആനകൾ നശിപ്പിച്ചിട്ടുണ്ടെന്ന് സുന്ദരൻ പറഞ്ഞു. റബർ ടാപ്പിംഗിനായി സ്ഥാപിച്ചിരുന്ന ചിരട്ടകളും പ്ലാസ്റ്റിക്കുകളും വലിച്ചുകളഞ്ഞ് നശിപ്പിച്ചിട്ടുണ്ട്. കുഞ്ചിയാർപ്പതിയിൽ ദിവസവും ആനയിറങ്ങുന്ന സ്ഥിതിയാണിപ്പോൾ. ഓരോ ദിവസവും ഓരോ തോട്ടത്തിൽ എന്ന നിലയിലാണ് ആനകളെത്തുന്നത്. ആനയെ പേടിച്ച് തോട്ടങ്ങളിൽ പണിയെടുക്കാൻ തൊഴിലാളികളെ കിട്ടാത്ത സ്ഥിതിയായെന്ന് ഉടമകൾ പറയുന്നു. കഴിഞ്ഞ രാത്രി തോട്ടങ്ങളിലെ പണി കഴിഞ്ഞ് ആനകൾ കയറി പോയത് രാവിലെ ആറരയോടെയായിരുന്നു. ഈ സമയം പണിക്കുപോയിരുന്ന ഒരു സ്ത്രീ ആനയുടെ മുന്നിൽപ്പെട്ടു. തലനാരിഴയ്ക്കാണ് അവർ ഓടി രക്ഷപ്പെട്ടത്. കുഞ്ചിയാർപ്പതിക്ക് താഴെ മണ്ണെണ്ണക്കയത്തിറങ്ങിയ ആനകളെ കഴിഞ്ഞ ദിവസം വനപാലകരെത്തി പടക്കം പൊട്ടിച്ച് കാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും ആനകൾ പിന്നെയും തിരിച്ചെത്തി. കണ്ടാൽ പേടിക്കുന്നവിധം വലിപ്പമുള്ള ആനകളാണ് തോട്ടങ്ങളിലെത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |