ചിറ്റൂർ: ഇടക്കിടെ മഴ എത്തിനോക്കുന്നതല്ലാതെ, കാലവർഷം ശക്തമാകാത്തതിനാൽ ആശങ്കയിലാണ് പാലക്കാട് ജില്ലയിലെ നെൽക്കർഷകർ. എടവപ്പാതി കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാത്തതിനാൽ ചിറ്റൂർ മേഖലയിൽ ഒന്നാം വിള നെൽക്കൃഷി ഇറക്കാൻ കഴിയാതെ വെള്ളത്തിനു വേണ്ടി കാത്തിരിക്കുകയാണ് കർഷകർ. കൃഷിയുടെ പ്രാരംഭ പ്രവർത്തികൾക്ക് കനാൽ വെള്ളവും ലഭിച്ചില്ല. ഇതോടെ വെള്ളം സംഭരിച്ചിരുന്ന നിരവധികുളങ്ങൾ വറ്റി വരണ്ടു. കനാൽ വെളളം വരുമ്പോൾ കുളം നിറയ്ക്കും. കനാൽ വെള്ളം നിറുത്തുമ്പോൾ കുളത്തിലെ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. മിക്കവാറും പാടശേഖരങ്ങളിൽ ജലസംഭരണിയായി ഉപയോഗപ്പെടുത്തുന്ന ധാരാളം കുളങ്ങളുണ്ട്. ഇതിൽ ഭൂരിഭാഗവും ഒരു തുള്ളി വെള്ളം പോലും ഇല്ലാതെ വരണ്ടു കിടക്കുകയാണ്. 30-40 ഏക്കർ നെൽകൃഷിയാണ് ഓരോ കുളങ്ങളേയും ആശ്രയിച്ച് വിളവെടുക്കുന്നത്. സാധാരണ ഗതിയിൽ ഈ സമയത്ത് കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുന്ന സമയമാണ്. കുളങ്ങൾ വരണ്ടതോടെ ക്ഷീര കർഷകർക്കും ദുരിതമായി. കറവപശുക്കളെ വെള്ളത്തിലിറക്കി കഴുകാനും കുളിപ്പിക്കാനും കഴിയാത്ത സ്ഥിതി. ഡാമുകളിൽ വെള്ളം ഉണ്ടായിട്ടും കനാലുകളിലൂടെ വിതരണം നടക്കുന്നില്ലെന്നതാണ് കർഷകരുടെ പരാതി. ഇങ്ങിനെയൊരു സാഹചര്യം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ചിറ്റൂർ മേഖലയിലും ജില്ലയുടെ കിഴക്കൻ മേഖലയിലും മഴ പെയ്യാത്ത അവസ്ഥയാണ് തുടരുന്നത്. മഴയിൽ വളരേണ്ട നെൽചെടി, കൃഷി വൈകിയാൽ വിളവിൽ ഗണ്യമായ കുറവുണ്ടാകും. കാലാവസ്ഥ വ്യതിയാനം കൊണ്ട് കാർഷിക മേഖലയാകെ തകർച്ചയുടെ വക്കിലാണ്. ഈ സാഹചര്യത്തിൽ പാലക്കാട് ജില്ലയെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷകർ ഉന്നയിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |