വാളയാർ: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കാൻ ഇനിയും കടമ്പകൾ ഏറെ. കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് കോർപ്പറേഷൻ സ്മാർട് സിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോഴും സ്ഥലമെടുപ്പിൽ അനിശ്ചിതത്വം നില നിൽക്കുകയാണ്. ആകെ 1710 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. ഇതിൽ 1450 ഏക്കർ മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. വലിയേരി പ്രദേശത്തെ കർഷകരുടെ 198 ഏക്കർ ഭൂമി ഏറ്റെടുക്കാനുണ്ട്. ദേശീയപാതയ്ക്ക് സമീപമായുള്ള സ്വകാര്യ വ്യക്തികളുടെ 15 ഏക്കർ സ്ഥലവും ഏറ്റെടുക്കാനുണ്ട്. ഇതിന് പുറമെ സർക്കാർ ഭൂമിയായി കിടക്കുന്ന സ്ഥലങ്ങളും കൈമാറാനുണ്ട്. ഇതെല്ലാം പൂർണ്ണമായാലെ 1710 ഏക്കറിൽ എത്തുകയുള്ളു. സ്ഥലമെടുപ്പിലെ രണ്ട് ഘട്ടങ്ങളെ പൂർത്തിയായിട്ടുള്ളു. മൂന്നാം ഘട്ടമായാണ് വലിയേരി ഭൂമി ഏറ്റെടുക്കുന്നത്. നാലാം ഘട്ടമായി സ്വകാര്യ വ്യക്തികളുടെ 15 ഏക്കർ ഏറ്റെടുക്കും.
ബഡ്ജറ്റിൽ ഫണ്ടില്ല
കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു ഭൂമി ഏറ്റെടുക്കൽ നടന്നിരുന്നത്. സർക്കാർ കിഫ്ബി മരവിപ്പിച്ചതോടെ ഇനി എന്ത് ചെയ്യുമെന്ന കാര്യത്തിൽ ഒരു ധാരണയുമില്ല. സ്ഥലമെടുപ്പിനായി ബഡ്ജറ്റിൽ ഫണ്ട് ഒന്നും അനുവദിച്ചിട്ടില്ല. ഇനി അടുത്ത ബഡ്ജറ്റിൽ ഫണ്ട് അനുവദിച്ചാലെ ഭൂമി ഏറ്റെടുക്കാൻ കഴിയുകയുള്ളു. സ്ഥലമെടുപ്പിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് വ്യവസ്ഥ. ഫണ്ട് ആവശ്യമില്ലാത്തതിനാൽ സർക്കാർ ഭൂമി കൈമാറാനുള്ള നടപടികൾ നടക്കുന്നുണ്ട്. സ്ഥലമെടുപ്പ് പൂർത്തീകരിക്കണമെങ്കിൽ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്ന സ്ഥിതിയാണ്.
മൂന്നാം ഘട്ടം സ്ഥലമെടുപ്പിനുള്ള ഫണ്ട് ലഭിച്ചിട്ടില്ല. ഫണ്ട് വന്നെങ്കിൽ മാത്രമെ സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയുകയുള്ളു.
മുരളി കൃഷ്ണൻ, കിൻഫ്ര ജി.എം
വ്യവസായ ഇടനാഴിക്കായുള്ള സ്ഥലം ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണം. വലിയേരി ഭാഗത്തെ 198 ഏക്കർ ഉടൻ ഏറ്റെടുക്കണം. സ്ഥലം ഉടമകളിലധികവും വൃദ്ധ ജനങ്ങളാണ്. അവർ ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സ്ഥലത്തിന്റെ പണം നൽകാൻ നടപടി ഉണ്ടാകണം. ഇനിയും കാലതാമസമുണ്ടായാൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
പി.ബാലകൃഷ്ണൻ, പ്രസിഡന്റ്, വലിയ ഏരി കർഷക സമര സമിതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |