പാലക്കാട്: മലബാർ മേഖലയിൽ പ്രതിദിന പാൽസംഭരണം നിലവിലെ 6.5 ലക്ഷം ലിറ്ററിൽനിന്ന് ഏഴുലക്ഷം ലിറ്ററായി ഉയർത്താൻ ‘ക്ഷീരധാര’ പദ്ധതി നടപ്പാക്കുന്നു. പ്രാദേശികമായി പാലുത്പാദനം വർദ്ധിപ്പിക്കുകയും ക്ഷീരസംഘങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാഥമിക ക്ഷീരസംഘങ്ങൾ നിലവിൽ മേഖലാ യൂണിയന് നൽകുന്ന പാലിന്റെ അളവിനേക്കാൾ കൂടുതൽ പാൽ സംഭരിച്ച് നൽകുന്ന സംഘങ്ങൾക്ക് നിശ്ചിത ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന ഓരോ ലിറ്റർ പാലിനും അഞ്ച് രൂപ അധികമായി നൽകും. 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ കാലയളവിലെ പ്രതിദിന ശരാശരി സംഭരണത്തേക്കാൾ അധികമായി പാൽ നൽകുന്ന സംഘങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ആദ്യഘട്ടത്തിൽ ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷീരസംഘങ്ങൾക്ക് അധികവില ലഭിക്കും. ലഭിക്കുന്ന തുക പാലുത്പാദനം വർദ്ധിപ്പിക്കുന്നതിനോ ക്ഷീരകർഷകർക്ക് പ്രോത്സാഹനവില നൽകുന്നതിനോ ഉപയോഗിക്കാം. സംഭരണത്തിലെ വർദ്ധന വിലയിരുത്തിയശേഷം പദ്ധതിയുടെ കാലാവധി നീട്ടുന്ന കാര്യവും പരിഗണിക്കും. അടുത്ത മാസം മുതൽ കർഷകർക്കും നേരിട്ട് അധികവില നൽകുന്നതിനെക്കുറിച്ച് ആലോചനയുണ്ടെന്ന് മലബാർ മേഖലാ യൂണിയൻ അഡ്മിനിസ്ട്രേറ്റർ വർക്കി ജോർജ് അറിയിച്ചു.
പാൽക്കുറവ് രണ്ടുലക്ഷം ലിറ്റർ
മലബാർ മേഖലയിൽ പ്രതിദിന പാൽസംഭരണവും വിൽപ്പനയും തമ്മിൽ ഏകദേശം രണ്ടുലക്ഷം ലിറ്ററിന്റെ വ്യത്യാസമുണ്ട്. ഈ കുറവ് നികത്താൻ നിലവിൽ ആന്ധ്രാപ്രദേശിൽനിന്ന് പാൽ എത്തിക്കുന്നുണ്ട്. പാലുത്പന്നങ്ങളുടെ നിർമ്മാണം ഉൾപ്പെടെയുള്ള മേഖലകളിൽ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനും പുറത്തുനിന്നുള്ള പാലിനെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രാദേശിക ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ ഭാഗമായാണ് അധികപാൽ നൽകുന്ന ക്ഷീരസംഘങ്ങൾക്ക് പ്രോത്സാഹനത്തുക നൽകാൻ തീരുമാനിച്ചത്.
പാൽ സംഭരണത്തിൽ വർദ്ധന കൈവരിക്കുന്ന ക്ഷീരസംഘങ്ങൾക്ക് ജില്ലാതലത്തിൽ പ്രത്യേക സമ്മാനങ്ങളും നൽകും. പദ്ധതിയിലൂടെ ക്ഷീരകർഷകരുടെ പങ്കാളിത്തം വർധിപ്പിച്ച് മലബാർ മേഖലയിൽ പാൽ ഉത്പാദനവും സംഭരണവും മെച്ചപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |