തിരുവനന്തപുരം: ശബരിമലയിലേക്ക് മിൽമയിൽ നിന്നു വീണ്ടും നെയ്യ് വാങ്ങാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സാദ്ധ്യത തേടി. നിയമോപദേശവും സംസ്ഥാന വിജിലൻസിന്റെ ക്ലിയറൻസുമാണ് തേടുന്നത്. കഴിഞ്ഞ വർഷം നടന്ന നെയ്യ് ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനിടെയാണിത്.
10,000 ലിറ്റർ നെയ്യ് വാങ്ങനാണ് ദേവസ്വം ബോർഡ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന നെയ്യ് ക്രമക്കേടിൽ മിൽമയ്ക്ക് പങ്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മിൽമയിൽ നിന്നു വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിച്ചതിലാണ് ക്രമക്കേട് നടന്നത്. മിൽമയിലെ ജീവനക്കാരാരും കേസിൽ പ്രതിയല്ല. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടാൽ നെയ്യ് നൽകുമെന്ന് മിൽമ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യവും ദേവസ്വം ബോർഡ് പരിഗണിച്ചു. ക്രമക്കേടിൽ അന്വേഷണം നടക്കുന്നതിനാലാണ് വിജിലൻസിന്റെ ക്ലിയറൻസും നിയമോപദേശവും തേടാൻ തീരുമാനിച്ചത്.
ഈ വർഷം മിൽമ ടെൻഡറിൽ പങ്കെടുത്തിരുന്നില്ല. ടെൻഡറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ സ്വകാര്യസ്ഥാപനത്തിന് കഴിഞ്ഞ വർഷത്തെ ക്രമക്കേടിൽ പങ്കുണ്ടെന്ന് കണ്ടെത്തി ടെൻഡർ റദ്ദാക്കി. വീണ്ടും ടെൻഡർ വിളിച്ചെങ്കിലും ഒറ്റ ടെൻഡർ മാത്രമാണ് ലഭിച്ചത്. ഇതിൽ രേഖപ്പെടുത്തിയ നിരക്കാകട്ടെ വളരെ ഉയർന്നതും. ഇതാണ് മിൽമയിൽ നിന്നു നേരിട്ട് നെയ്യ് വാങ്ങാൻ ദേവസ്വം ബോർഡിനെ പ്രേരിപ്പിക്കുന്നത്.
അയ്യപ്പഭക്തർ കൊണ്ടുവരുന്ന നെയ്യ് അപ്പം,അരവണ നിർമ്മാണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉദ്ദേശിക്കുന്ന അളവിൽ നെയ്യ് ലഭിച്ചില്ലെങ്കിൽ ബദൽ ക്രമീകരണം എന്ന നിലയിലാണ് നെയ്യ് വാങ്ങുന്നത്. 10,000 ലിറ്റർ നെയ്യ് ദേവസ്വം ബോർഡിന്റെ കൈവശമുണ്ട്.
അരവണ നിർമ്മാണത്തിന് നിരീക്ഷകൻ
അപ്പം, അരവണ നിർമ്മാണത്തിന്റെ നിരീക്ഷകനായി ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കും. തീർത്ഥാടനത്തിന്റെ നടത്തിപ്പിനായി സന്നിധാനത്ത് 4 സ്‌പെഷ്യൽ ഓഫീസർമാരെ നിയമിക്കും. ശുചീകരണത്തിന്റെ മേൽനോട്ടത്തിനായി ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും അന്നദാനത്തിന്റെയും മെസിന്റെയും നടത്തിപ്പിനായി ഒരു സ്‌പെഷ്യൽ ഓഫീസറെയും നിയമിക്കും. മുറി ബുക്കിംഗ്, വഴിപാട് കൗണ്ടറുകൾ എന്നിവയുടെ നിരീക്ഷണത്തിന് ഡെപ്യൂട്ടി കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല നൽകും.
https://images3.keralakaumudi.com/newstrack/uploads/digitallibrary/2026/11/10/sabarimala-.1.4103114.jpg
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |