
തിരുവല്ല : പൊടിയാടി - അമ്പലപ്പുഴ സംസ്ഥാന പാതയിൽ പൈപ്പുപൊട്ടാത്ത ദിവസങ്ങളില്ല ! കുടിവെള്ള പ്രശ്നത്തിന് പുറമേ യാത്രാദുരിതവുമാണ് ഫലം. പൊപ്പ് പൊട്ടി കുഴിയായ ഭാഗത്ത് യാത്രക്കാർ അപകടത്തിൽപ്പെടാതിരിക്കാൻ കഴിഞ്ഞ ദിവസം നാട്ടുകാർ വാഴനട്ടു. പൊടിയാടി ഒട്ടത്തിൽപ്പടിക്ക് സമീപമാണ് വീണ്ടും പൈപ്പ് പൊട്ടിയത്. ഇതേസ്ഥലത്ത് രണ്ടുമാസം മുമ്പ് പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തി ആഴ്ചകളോളം കഴിഞ്ഞാണ് കുഴി കോൺക്രീറ്റ് ചെയ്ത് മൂടിയത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ഇവിടെ വീണ്ടും പൈപ്പ് പൊട്ടി ജലപ്രവാഹമായി. പുറത്തേക്ക് ശക്തമായി ഒഴുകുന്ന വെള്ളം സമീപത്തെ റോഡിലൂടെ കുഴിയിലേക്ക് ഒഴുകി പാഴാകുകയാണ്.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാത അടുത്തകാലത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാർ ചെയ്തതാണ്. എന്നാൽ അടിയ്ക്കടി ഉണ്ടാകുന്ന പൈപ്പുപൊട്ടൽ പലയിടത്തും റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഒട്ടത്തിൽപ്പടിയിൽ രണ്ടിടങ്ങളിലാണ് പൈപ്പ് പൊട്ടി ഇപ്പോൾ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് പൈപ്പുപൊട്ടിയ ഭാഗത്ത് കുഴിയടച്ചു കഴിഞ്ഞ് കോൺക്രീറ്റ് ചെയ്‌തെങ്കിലും ഇപ്പോഴും പൊളിഞ്ഞുകിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ ഈ കുഴിയിൽ ചാടി അപകടത്തിൽപ്പെടാറുണ്ട്. ഇതിന്റെ സമീപത്താണ് വീണ്ടും പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് അറ്റകുറ്റപ്പണികൾ ചെയ്യുന്നത് സംബന്ധിച്ച് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കമാണ്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
3 ആഴി താഴ്ചയിൽ പൈപ്പുകൾ
അറ്റകുറ്റപ്പണി ശ്രമകരം
പതിറ്റാണ്ടുകൾക്ക് മുമ്പ് റോഡിൽ സ്ഥാപിച്ച പൈപ്പുകളിലാണ് ചോർച്ച . മൂന്നടിയിലേറെ താഴ്ചയിലൂടെ പോകുന്ന പൈപ്പ് കണ്ടെത്തി അറ്റകുറ്റപ്പണികൾ നടത്തുന്നത് ഭാരിച്ച ജോലിയാണ്. ചോർച്ച വീണ്ടും ഉണ്ടായത് അധികൃതരെ അറിയിച്ചെങ്കിലും മൂന്ന് ദിവസമായിട്ടും നടപടിയില്ല.
--------------------------------
കുടിവെള്ള പൈപ്പ് തുടർച്ചയായി പൊട്ടുന്നത് മൂലം റോഡും തകരുന്നത് പതിവായിരിക്കുകയാണ്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണം
കെ.ജി. സുനിൽകുമാർ
(നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |