
പത്തനംതിട്ട: ഹോക്കിയിൽ മലയാലപ്പുഴയും വോളിയിൽ പ്രക്കാനവും പോലെ ഫെൻസിംഗിൽ പെരിങ്ങമല. കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗെയിംസിൽ നഗരത്തിൽ പെരിങ്ങമലയിലെ കായികതാരങ്ങൾ ഫെൻസിംഗിൽ സ്വന്തമാക്കിയത് രണ്ടു സ്വർണവും മൂന്നു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകൾ. പ്ളസ് വൺ വിദ്യാർത്ഥി അദ്വൈത് രണ്ട് സ്വർണ്ണം നേടി. അഖിൽനാഥ് രണ്ടു വെങ്കലവും അഭി ബൈജു ഒരു വെങ്കലവും നേടി. ഇവർ പരിശീലനം നടത്തുന്ന എസ്‌ക്രൈം ഫെൻസിംഗ് അക്കാഡമി നേടിയത് 7 മെഡലുകൾ. പെരിങ്ങമല കേന്ദ്രീകരിച്ച് ഫെൻസിംഗ് പരിശീലനം തുടങ്ങിയത് 2006ലാണ്. ആറ് കായികതാരങ്ങളുമായി തുടങ്ങിയ അക്കാദമിയുടെ അംഗബലം ഇപ്പോൾ 40ന് മുകളിലാണ്. ദേശീയ ഗെയിംസ് താരങ്ങളും പരിശീലകരും പെരിങ്ങമ്മല ഫെൻസിംഗിൽ നിന്ന് ഉയർന്നു വന്നിട്ടുണ്ട്. പത്തനംതിട്ട ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന്റെ മക്കളായ അഖിലഅനിലും അഖിൽഅനിലും ദേശീയ ഗെയിംസിൽ എത്തിയത് പെരിങ്ങമലയിലെ പരിശീലനത്തിലൂടെയാണ്.
അഖില അന്താരാഷ്ട്ര ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. അക്കാദമിയിലെ ആദ്യകാല കായികതാരങ്ങളായിരുന്ന അഖില അനിൽ, അധീർത്ത്, അഖിൽ അനിൽ എന്നിവർ ഫെൻസിംഗ് പരിശീലകരാണ്. അഖില വയനാട് ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ഫെൻ ൻസിംഗ് പരിശീലകയാണ്. അഖിലും അധീർത്തും സ്‌കൂളുകളിലും പരിശീലകരാണ്.
പുതിയ കായിക താരങ്ങളെ ചെറിയ പ്രായത്തിലെ കണ്ടെത്തി പരിശീലനം നൽകുന്ന പദ്ധതിയാണ് അക്കാദമി നടപ്പിലാക്കുന്നതെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ പറഞ്ഞു. അടുത്ത അദ്ധ്യയന വർഷത്തിനു മുന്നോടിയായി പുതിയ ഫെൻസിംഗ് താരങ്ങളെ കണ്ടെത്തുന്നതിന് നടപടികൾ ആരംഭിച്ചതായി പത്തനംതിട്ട ഫെൻസിംഗ് അസോസിയേഷൻ ഭാരവാഹി നഗരസഭ കൗൺസിലർ അനിലാ അനിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |