കോന്നി: ചക്കപ്പുഴുക്ക് മുതൽ കൂട്ടുപുഴുക്ക് വരെ. തെരളിയപ്പം മുതൽ ചുക്കുകാപ്പി വരെ.... വകയാർ കൊല്ലൻ പടിയിലെ പ്രാദേശിക കർഷക കഫെയിലെത്തിയാൽ നാടൻ രുചിയുടെ വൈവിദ്ധ്യം അറിയാം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് അരികിലാണ് കഫെ. നാട്ടുകാരായ സംഘത്തിന്റെ കുട്ടായ്മയിൽ ഒരുങ്ങിയ സംരംഭം. നാട്ടുകാർക്കും വഴിയാത്രക്കാർക്കും പ്രിയങ്കരമായി മാറി രുചിക്കൂട്ടിന്റെ ഇൗ കേന്ദ്രം.
അരുവാപ്പുലം കൃഷിഭവന്റെ പരിധിയിലുള്ള കൃഷിക്കൂട്ടങ്ങളുടെ ഉല്പന്നങ്ങളാണ് തനതായും വിവിധ മൂല്യ വർദ്ധിത വിഭവങ്ങളായും കഫേയിൽ ലഭിക്കുന്നത്. ഇവിടെ കാർഷിക വിഭവങ്ങൾ വാങ്ങാനും രുചിയേറിയ നാടൻ ഭക്ഷണം കഴിക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. കുത്തരിക്കഞ്ഞി, ചക്കപ്പുഴുക്ക്, കൂട്ടുപുഴുക്ക്, ഹണി കോള, വിവിധ തരം ചമ്മന്തികൾ, തെരളിയപ്പം, ഇലയട, ചുക്ക് കാപ്പി, ലെമൺ ചായ, പുതിന ചായ എന്നിവയാണ് വിഭവങ്ങൾ.
കൃഷിക്കൂട്ടത്തിലെ അംഗങ്ങളുടെ അടുക്കളകളിൽ പാകം ചെയ്ത് കഫെയിൽ എത്തിക്കുന്നതിനായി എഫ് എസ് എസ് ഐ രജിസ്ട്രേഷനും എടുത്തിട്ടുണ്ട്.
പ്രവർത്തനങ്ങൾക്കായി ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് ധനസഹായം നൽകുന്നുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് കഫെയുടെയും വിപണിയുടെയും പ്രവർത്തനം. നന്ത്യാട്ട് ജോസഫ്, മണ്ണിൽ പുത്തൻവീട്ടിൽ പി വി രാജൻ, സാംകുട്ടി, ലിജി വർഗീസ്, ശ്രീലത, സതി ദേവി, പ്രിയങ്ക, അമ്പിളി പ്രസാദ് എന്നിവരാണ് പുതിയ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്
കാർഷിക വിപണിയും ഒപ്പം
അരുവാപ്പുലം കൃഷിഭവന്റെ കീഴിൽ രൂപീകൃതമായ 39 കൃഷിക്കൂട്ടങ്ങളിൽ നിന്ന് മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി രൂപീകൃതമായ 9 പേരുള്ള എപിഎൽ എം കൃഷിക്കൂട്ടമാണ് കഫെയുടെ നടത്തിപ്പുകാർ. ആത്മ ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി അനുവദിച്ചു കിട്ടിയ വെഞ്ച്വർ ക്യാപ്പിറ്റൽ ഫണ്ടായ അമ്പതിനായിരം രൂപ ഉപയോഗിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. ഈ കഫെയോടൊപ്പം ആരംഭിച്ച വിപണിയിൽ കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി, അരുവാപ്പുലം മുളകുപൊടി, കുത്തരി, കൃഷിക്കൂട്ടങ്ങൾ സംഭരിച്ചു മൂല്യ വർദ്ധനവ് നടത്തിയ ചക്ക,കപ്പ ഉല്പന്നങ്ങൾ തുടങ്ങിയ നാടൻ കാർഷിക വിഭവങ്ങൾ വിൽക്കുവാനും വാങ്ങുവാനും അവസരമുണ്ട്.
.
ഉല്പന്നങ്ങൾ എങ്ങനെ വിൽക്കണമെന്നും വില എത്രയെന്ന് നിശ്ചയിക്കാനും കർഷകരെ പ്രാപ്തമാക്കുന്നതെങ്ങനെ എന്ന ചിന്തയാണ് കർഷക കഫെ ആരംഭിക്കുന്നതിന് കാരണമായത്
. ലിജി വർഗീസ് ( കർഷക കൂട്ടത്തിലെ അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |