
പത്തനംതിട്ട: ഗുരു നിത്യ ചൈതന്യയതിയുടെ ജന്മ ശതാബ്ദി കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാൻ അഡ്വ.പഴകുളം മധു, ജില്ലാ കോ ഓർഡിനേറ്റർ ജി.രഘുനാഥ് എന്നിവർ അറിയിച്ചു. 20 മുതൽ 23 വരെ യതിയുടെ ജന്മ സ്ഥലമായ പത്തനംതിട്ടയിലാണ് പരിപാടികൾ. 20ന് വൈകിട്ട് നാലിന് കോന്നി മുറിഞ്ഞകല്ലിൽ യതി സ്ഥാപിച്ച വിദ്യാനികകേതൻ ആശ്രമത്തിൽ ശതാബ്ദിക്ക് തുടക്കം കുറിക്കും. ഡോ.സാമൂവേൽ മാർ ഐറേനിയസ് മെത്രാപ്പോലീത്ത യതി സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്യും. യതിയുടെ ശിഷ്യൻ ചിത്രകാരൻ പ്രമോദ് കുരമ്പാല വരച്ച നിത്യചൈതന്യ യതിയുടെ ചിത്രം സ്വാമി ത്യാഗീശ്വരനിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഏറ്റുവാങ്ങും. ചിത്രം ജന്മ ശതാബ്ദി സാഹിത്യോത്സവം നടക്കുന്ന പത്തനംതിട്ട ടൗൺ ഹാളിൽ സ്ഥാപിക്കും.
സാഹിത്യോത്സവം 21ന് വൈകിട്ട് നാലിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജന്മ ശതാബ്ദി സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10ന് പുസ്തകോത്സവം മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ.കുര്യൻ ഉദ്ഘാടനം ചെയ്യും. അനുമോദന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. കവിയരങ്ങ് മുൻ മന്ത്രി പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്യും.
21 മുതൽ 23 വരെ പത്തനംതിട്ട ടൗൺ ഹാളിൽ പുസ്തകോത്സവം, സാഹിത്യോത്സവം, സെമിനാർ, പുസ്തക ചർച്ച, ചിത്ര രചനാക്യാമ്പ്, കവിയരങ്ങ് എന്നിവ നടക്കും. വിവിധ സെഷനുകളിൽ എ.വി.ഷൗക്കത്ത്, ഫാ.ഡോ.കെ.എം.ജോർജ്, രാജീവ് ശിവശങ്കർ, സംവിധായകൻ ഡോ.ബിജു, പ്രൊഫ.വി.സുജാത, ആർടിസ്റ്റ് ബി.ഡി.ദത്തൻ, ഡോ.ജോബിൻ ചാമക്കാല, റവ.ഡോ.മാത്യു ദാനിയേൽ, ഡോ.പഴകുളം സുഭാഷ്, രവിവർമ തമ്പുരാൻ, ഡോ.നിബുലാൽ വെട്ടൂർ, ഡോ.മണക്കാല ഗോപാലകൃഷ്ണൻ, ഡോ.റോയ്സ് മല്ലശ്ശേരി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |