
പത്തനംതിട്ട : സ്തനാർബുദം കണ്ടെത്താനുള്ള ജില്ലയിലെ ഏക മാമോഗ്രാം പരിശോധനാ കേന്ദ്രത്തിന്റെ പ്രവർത്തനം താളം തെറ്റുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ബുധനാഴ്ച മാത്രമാണ് പരിശോധന നടക്കുന്നത്. ആഴ്ചയിൽ നാല് ദിവസം ഒ.പിയുടെ അതേസമയത്ത് മാമോഗ്രാം പരിശോധനയും നടക്കുമെന്നാണ് തുടക്കത്തിൽ അറിയിച്ചിരുന്നത്. മുൻകൂട്ടിയുള്ള ബുക്കിംഗ് സംവിധാനത്തിന് പദ്ധതിയുണ്ടായിരുന്നെങ്കിലും നടപ്പായിട്ടില്ല. ഒരു ദിവസം ആറ് രോഗികളെ മാത്രമാണ് പരിശോധിക്കുക. കൂടുതൽ പേർ എത്തിയാൽ അടുത്ത ആഴ്ചയിലേക്ക് മാറ്റും. ഇതുവരെ പരിശോധന നടത്തിയ 110 പേരിൽ പത്ത് പേർ പോസിറ്റീവായിട്ടുണ്ട്. കൂടുതൽ ദിവസങ്ങളിൽ പരിശോധനയ്ക്ക് ക്രമീകരണം ഒരുക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികാരികൾ അവഗണിക്കുകയാണ്.
റേഡിയോളജിസ്റ്റിന്റെ അഭാവം
റേഡിയോളജിസ്റ്റിന്റെ അഭാവമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാമോഗ്രാം പരിശോധന ഒരു ദിവസത്തേക്ക് ചുരുങ്ങാൻ കാരണം. പത്തനംതിട്ടയ്ക്ക് പുറമേ തിരുവല്ല താലൂക്ക് ആശുപത്രിയിലും റേഡിയോളജിസ്റ്റിന് ജോലി ക്രമീകരിച്ചിട്ടുണ്ട്. തിരുവല്ലയിൽ രണ്ട് ദിവസവും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒരു ദിവസവുമാണ് ഡ്യൂട്ടി. കൂടുതൽ തസ്തിക സൃഷ്ടിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ.
ഒരു വർഷം : പരിശോധന നടത്തിയത് 110 പേർ
മെഡിക്കൽ കോളേജുകൾക്ക് പുറമേ ജില്ലാ, ജനറൽ ആശുപത്രികളിൽ കെ.എം.സി.എല്ലിന്റെ കീഴിൽ സംസ്ഥാനത്ത് എട്ടിടത്ത് നടത്തിയ പദ്ധതിയാണിത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു പത്തനംതിട്ടയിൽ പദ്ധതിയുടെ ഉദ്ഘാടനം.
പദ്ധതി ചെലവ് : 21.14 ലക്ഷം രൂപ.
മാമോഗ്രാം
സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സഹായിക്കുന്ന സ്തന എക്‌സറേ പരിശോധനയാണ് മാമോഗ്രാം. മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് കുറയ്ക്കാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |