മല്ലപ്പള്ളി : വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നാലു വർഷം ഒറ്റപ്പെട്ട് ജീവിച്ച മോഹനന് പുതുവർഷപ്പുലരിയിൽ മല്ലപ്പള്ളി ശാലോം കാരുണ്യഭവൻ മോചനമൊരുക്കി.
ഭക്ഷണവും വെള്ളവുമില്ലാതെ ഒട്ടിയ വയറും മെലിഞ്ഞുണങ്ങിയ ശരീരവും നിലതെറ്റിയ മനസുമായി മനുഷ്യരൂപം നഷ്ടമായ മോഹനൻ ആരെയും സങ്കടപ്പെടുത്തുന്ന കാഴ്ചയായിരുന്നു.
ചെന്നിക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. കൊവിഡ് കാലത്ത് വീട്ടിൽ തുടരാനുളള നിർദേശത്തെ തുടർന്ന് ഒതുങ്ങിക്കൂടി. കൊവിഡ് കാലം കഴിഞ്ഞിട്ടും മോഹനൻ വീടിന് പുറത്തിറങ്ങാൻ കൂട്ടാക്കിയില്ല.
ഇടയ്ക്ക് വീടിന്റെ വാതിൽ തുറന്ന് പുറത്തേക്ക് നോക്കുമെങ്കിലും ആളുകളെ കണ്ടാൽ ഉള്ളിലേക്ക് വലിയും. ആദ്യമൊക്കെ ഭക്ഷണസാധനങ്ങൾ പ്രദേശവാസികൾ എത്തിച്ചു നൽകിയിരുന്നു. ഭക്ഷണവുമായി അകത്ത് പോകുന്ന മോഹനനെ പിന്നെ ദിവസങ്ങളോളം പുറത്തു കാണാനാകുമായിരുന്നില്ല. കഴിഞ്ഞ നാല് മാസമായി മോഹനനെ കാണാതാവുകയും നാട്ടുകാർ ഭക്ഷണം നൽകാതെയും വന്നതിനെ തുടർന്ന് ചെന്നീർക്കര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ അന്നമ്മ ജിജി നടത്തിയ അന്വേഷണമാണ് മോചനത്തിന് വഴിയായത്. ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ ഷംല ബീഗത്തെ അറിയിച്ചതിനെ തുടർന്ന് മല്ലപ്പള്ളി ശാലോം കാരുണ്യഭവൻ മാനേജിംഗ് ട്രസ്റ്റി ഈപ്പൻ ചെറിയാന്റെ നേതൃത്വത്തിൽ രക്ഷാകരം നീട്ടുകയായിരുന്നു.
മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റിയും മുടിയും താടിയും വെട്ടിയും മനുഷ്യരൂപമാക്കി മാറ്റിയ മോഹനനെ ഡോക്ടർ പരിശോധിച്ച ശേഷം കാരുണ്യഭവനിലെ അംഗമാക്കി.
മാനസിക വെല്ലുവിളികൾ നേരിടുന്ന ഇരുന്നൂറിൽപരം ആളുകളെ താമസിപ്പിച്ചിരിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ പുനരധിവാസ കേന്ദ്രമാണ് മല്ലപ്പള്ളി ശാലോം കാരുണ്യ ഭവൻ.
കാരുണ്യഭവന്റെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെ സഹകരണത്തിലാണ്. വഴിയോരങ്ങളിൽ അലഞ്ഞ് നടക്കുന്നവരെ സർക്കാർ ഏജൻസികളും ത്രിതല പഞ്ചായത്ത് അംഗങ്ങളും കണ്ടെത്തി ഇവിടെ എത്തിക്കുന്നു. കഴിഞ്ഞ മുപ്പത് വർഷമായി മല്ലപ്പള്ളി നെല്ലിമൂട്ടിലാണ് കാരുണ്യഭവൻ പ്രവർത്തിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |