SignIn
Kerala Kaumudi Online
Friday, 23 October 2026 11.29 AM IST

ഇരവിപേരൂരിലെ ജലാശയങ്ങളിൽ മാലിന്യം മാറി ; മത്സ്യഖനിയായി

farm
ഇരവിപേരൂർ പഞ്ചായത്തിൽ തടയണ കെട്ടി മത്സ്യകൃഷി ചെയ്യുന്നു

തിരുവല്ല : കറുത്തുകുറുകിയ വെള്ളവുമായി ദുർഗന്ധം പരത്തിയിരുന്ന ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങൾ ഇപ്പോൾ മത്സ്യസമൃദ്ധിയുടെ നിറവിലാണ്. മാലിന്യം നീക്കിയ ജലാശയങ്ങൾ പഞ്ചായത്തും ഫിഷറീസ് വകുപ്പും കർഷകരും ചേർന്ന് മത്സ്യഖനിയായി മാറ്റുകയായിരുന്നു. പഞ്ചായത്തിലെ 22 ജലാശയങ്ങളിൽ ഭൂരിഭാഗവും പോളകൾ നിറഞ്ഞു മാലിന്യം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. കൊതുകും കൂത്താടികളും വളർന്ന് പകർച്ചവ്യാധികൾക്ക് വഴിയൊരുക്കിയിരുന്ന നീർച്ചാലുകൾ വൃത്തിയാക്കി പഞ്ചായത്ത് ലേലം ചെയ്തു. കർഷകർക്ക് അഞ്ചുവർഷത്തേക്ക് ഇവിടെ മത്സ്യകൃഷി ചെയ്യാം. ജലാശയങ്ങളിൽ തടയണ മത്സ്യക്കൃഷിയിലൂടെ നേട്ടം കൊയ്യാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

ആവാസ വ്യവസ്‌ഥയിൽ മത്സ്യത്തിന് സ്വതന്ത്രമായി വളരാം എന്നതാണ് തടയണ മത്സ്യക്കൃഷിയുടെ പ്രത്യേകത. മത്സ്യങ്ങൾ പുറത്തേക്ക് ചാടി പോകാതിരിക്കാൻ വശങ്ങളിലും പക്ഷികളിൽ നിന്ന് മീനുകളെ സംരക്ഷിക്കാൻ ചാലിന്റെ മുകളിലും വലവിരിച്ചിട്ടുണ്ട്. വല കെട്ടിത്തിരിച്ച കൂടുകൾക്ക് പുറത്ത് ചാലിൽ നേരത്തേയുണ്ടായിരുന്ന ഉൾനാടൻ മത്സ്യങ്ങളും വളരുന്നുണ്ട്.

വരാൽ വളരും

ആറുമാസം മുമ്പാണ് ചെമ്പുക ചാലിൽ മത്സ്യകൃഷിക്ക് ഒരുക്കം തുടങ്ങുന്നത്. 30 ഏക്കർ പാടശേഖരത്തിന്റെ ചുറ്റുമുള്ള ചാൽ ഹിറ്റാച്ചിയന്ത്രം ഉപയോഗിച്ച് തെളിച്ചു. ചുറ്റും മുള നാട്ടി ടാർപോളിൻ കെട്ടി സംരക്ഷിച്ചു. ചാലിൽ 10 വലക്കൂടുകൾ കെട്ടിത്തിരിച്ചു. ഇതിലാണ് വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഒരു വലക്കൂടിന് 28അടി നീളവും 15അടി വീതിയും ജലനിരപ്പിൽ നിന്ന് 10 അടി ഉയരവുമുണ്ട്. ചാലിന് 10 അടിയോളം ആഴമുണ്ട്. 10 വലക്കൂടുകളിൽ 15,000 വരാൽ മത്സ്യങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ തടയണ മത്സ്യകൃഷിയിൽ വളരുന്നത്. 8മാസം കഴിയുമ്പോൾ ഓരോന്നും 2 കിലോയോളം വളർച്ചയെത്തും. ഇപ്പോൾ കർഷകനു കിട്ടുന്ന വില വരാലിനു കിലോയ്ക്ക് 350 രൂപയാണ്.

ചെമ്പകച്ചാലിൽ വളരുന്ന വരാലുകൾ : 15,000

സംസ്ഥാന മത്സ്യബന്ധന വകുപ്പിന്റെ ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇവിടെ കൃഷിയിറക്കിയത്. ഫിഷറീസ് വകുപ്പ് രണ്ടര ഹെക്ടർ സ്ഥലത്തെ കൃഷിക്ക് 18 ലക്ഷം രൂപ ധനസഹായം നൽകും.
സുനിത ബിജു, അസിസ്റ്റന്റ് ഡയറക്ടർ

ജലാശയങ്ങൾ ശുചിയാക്കുന്നതിനൊപ്പം മത്സ്യകൃഷിയിലൂടെ കർഷകർക്ക് വരുമാനം ലഭിക്കാനും പദ്ധതി സഹായകമാണ്. കൂടുതൽ ജലാശയങ്ങളിൽ തടയണ മത്സ്യകൃഷി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
കെ.ബി.ശശിധരൻപിള്ള
പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL