
ഇരവിപേരൂർ : പ്രത്യക്ഷ രക്ഷാ ദൈവ സഭ സ്ഥാപകൻ പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ധർമ്മപത്‌നിയും മുൻസഭാ പ്രസിഡന്റുമായിരുന്ന ദിവ്യമാതാവിന്റെ (വി.ജാനമ്മ ) 40-ാമത്
ദേഹവിയോഗ വാർഷിക ഉപവാസ ദിനാചരണം ഇന്ന് സമാപിക്കും. ദേഹവിയോഗ ഉപവാസ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ കുളത്തൂർ ദിവ്യമാതാ സ്മാരക മണ്ഡപത്തിൽ നിന്ന് സഭാ യുവജനസംഘത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച പൊയ്ക തീർത്ഥാടന പദയാത്ര സഭാ പ്രസിഡന്റ് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ഏഴിന് സഭാ ആസ്ഥാനമായ ഇരവപേരൂരിൽ എത്തിച്ചേർന്ന പദയാത്രികരെ വിശുദ്ധ മണ്ഡപത്തിൽ ഗുരുകുല സമിതിയുടെ നേതൃത്വത്തിൽ സ്വീകരിച്ച് പദയാത്ര സമാപന പ്രാർത്ഥന നടത്തി. തുടർന്ന് വിശുദ്ധ മണ്ഡപത്തിൽ നടന്ന ധ്യാനയോഗത്തിൽ സഭാപ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗുരുകുല ശ്രേഷ്ഠൻ, ഗുരുകുല സമിതിയംഗങ്ങൾ, മേഖലാ ഉപദേഷ്ടാ പ്രതിനിധികൾ എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ദിവ്യമാതാ തിരുശരീര വേർപാട് സമയമായ രാത്രി 11.55ന് തങ്കവിലാസം ബംഗ്ലാവിലെ ദിവ്യമാതാ സന്നിധിയിൽ സഭാ പ്രസിഡന്റ് വൈ.സദാശിവൻ പ്രത്യേക അനുസ്മരണ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറിമാരായ ടി.കെ.അനീഷ് , കെ.ഡി.സീത്കുമാർ, ഖജാൻജി ആർ.ആർ.വിശ്വകുമാർ, ജോയിന്റ് സെക്രട്ടറി കെ.ജ്ഞാനസുന്ദരൻ, ഗുരുകുല സമിതിയംഗങ്ങൾ, ഹൈകൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |