തിരുവല്ല : തോട്ടഭാഗത്ത് ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പൊലീസ് റെയ്ഡിൽ 40,000 രൂപ പിടികൂടി. കടയുടമ പുറമറ്റം പഴൂർ ഇലവുങ്കൽ വീട്ടിൽ ബിനു ചെറിയാനെയും സഹായി കോട്ടയം സ്വദേശി അഭിഷേകിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി.എസ്.എ എന്ന സ്ഥാപനം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ഓൺലൈൻ മുഖേനയും ഇവർ പണം കൈപ്പറ്റിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഒരുദിവസം രണ്ടുലക്ഷം രൂപയുടെ വരെ ഇടപാടുകൾ ഇവിടെ നടന്നിരുന്നതായി പൊലീസ് പറഞ്ഞു. റെയ്ഡിൽ ഇടപാടുകാരുടെ പേര് വിവരങ്ങൾ അടങ്ങുന്ന ഡയറി, മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ബിനു ചെറിയാന്റെ ഉടമസ്ഥതയിൽ ഇരവിപേരൂർ, കോഴഞ്ചേരി, ഓമല്ലൂർ, ഇലന്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ലോട്ടറി കടകൾ കേന്ദ്രീകരിച്ചും പൊലീസ് റെയ്ഡ് തുടരുകയാണ്. ബിനു ചെറിയാന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ ഒറ്റ നമ്പർ ലോട്ടറി ഇടപാട് നടക്കുന്നെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സി.ഐ ബി.കെ.സുനിൽ കൃഷ്ണൻ, എ.എസ്.ഐ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |