
പന്തളം : മകരവിളക്കിന് ശബരിമലയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണങ്ങൾ അടങ്ങിയ പേടകങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 12ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ ദർശനത്തിന് വച്ചിരിക്കുന്ന തിരുവാഭരണങ്ങൾ 12ന് പുലർച്ചെ നാലിന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികളാൻ നിന്ന് ദേവസ്വം ബോർഡ് അധികൃതർ ഏറ്റു വാങ്ങും. 4.30 മുതൽ വലിയകോയിക്കൽ ക്ഷേത്ര സോപാനത്തിൽ ദർശനത്തിന് വയ്ക്കും. 11.30ന് പന്തളം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ പരിവാരസമേതം ക്ഷേത്രത്തിലേക്ക് എത്തും.പ്രത്യേക പൂജകൾക്കായി ഉച്ചയ്ക്ക്പന്ത്രണ്ട് മണിക്ക് നട അടയ്ക്കും, പൂജകൾക്ക് ശേഷം പേടകങ്ങൾ മൂന്നും അടയ്ക്കും. മേൽശാന്തി പൂജിച്ചു നൽകുന്ന ഉടവാൾ രാജപ്ര തിനിധി തൃക്കേട്ട നാൾ രാജരാജ വർമ്മക്ക് വലിയ തമ്പുരാൻ കൈമാറും. ഒരു മണിക്ക് കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പേടകങ്ങൾ ശിരസിലേറ്റും, രാജപ്രതിനിധി പല്ലക്കിൽ ഘോഷയാത്രയെ നയിക്കും. ഇരുമുടികെട്ട് ഏന്തിയ നൂറുകണക്കിന് അയ്യപ്പൻമാരും ദേവസ്വം ബോർഡ് അധികൃതരും പൊലീസും ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും. പതിനാലിന് പുലർച്ചെ പുറപ്പെടുന്ന സംഘം നീലിമല കയറി സന്നിധാനത്തേക്ക് പോകും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ദേവസ്വം ബോർഡ് അധികൃതർ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. പതിനെട്ടാംപടി കയറിയെത്തുന്ന സംഘത്തിൽ നിന്നും ക്ഷേത്ര സോപാനത്തിൽ വച്ച് മേൽശാന്തി തിരുവാഭരണപേടകം ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടുപോയി വിഗ്രഹത്തിൻ ചാർത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |