
വള്ളിക്കോട് : മകര മാസത്തിൽ വിളവെടുപ്പ് നടക്കാറുള്ള വള്ളിക്കോട് പാടശേഖരങ്ങളിൽ ഇത്തവണ കൊയ്ത്ത് വൈകും. പ്രതിസന്ധികളെ അതിജീവിച്ച് ഇത്തവണ യഥാസമയം വിത്തെറിഞ്ഞിരുന്നെങ്കിലും കനത്ത മഴയും കത്തുന്ന വെയിലുമാണ് കർഷകർക്ക് തിരിച്ചടിയായത്. കതിരണിഞ്ഞ നെൽച്ചെടികൾ ഇപ്പോൾ മുക്കാൽ വിളവെത്തേണ്ട സമയമാണ്. എന്നാൽ ഭൂരിഭാഗം സ്ഥലങ്ങളിലും പാതിവിളവ് പോലുമായിട്ടില്ല. അത്യുൽപാദന ശേഷിയുള്ള ഉമ വിത്താണ് വിതച്ചിരിക്കുന്നത്. ജില്ലയിൽ അപ്പർകുട്ടനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന പാടശേഖരമാണ് വള്ളിക്കോട്ടേത്. 15 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ 9 വലിയ പാടശേഖരങ്ങളുണ്ട്. സപ്‌ളൈകോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണിവിടം.
പ്രശ്നമായത് കാലാവസ്ഥ
പ്രതികൂല കാലാവസ്ഥകളാണ് നെൽ കർഷകരുടെ പ്രതീക്ഷങ്ങൾക്ക് മങ്ങലേൽപ്പിച്ചത്. കാലം തെറ്റിയെത്തിയ മഴ കൃഷിക്ക് വിനയായി. മഴ മാറി വെയിൽ എത്തിയത് ആശ്വാസമായെങ്കിലും കൊടുംവേനൽ നെൽച്ചെടികൾക്ക് ഭീഷണിയായി. ആവശ്യത്തിന് വെള്ളം ലഭിക്കാത്തത് കാരണം മിക്കയിടങ്ങളിലും നെൽച്ചെടികൾ കരിഞ്ഞുണങ്ങലിന്റെ വക്കിലാണ്. ചിലയിടങ്ങളിൽ വെള്ളം ലഭിക്കുന്നുണ്ടെങ്കിലും വേനലിന്റെ കാഠിന്യം കാരണം നെൽച്ചെടികൾ വാടുന്നുണ്ട്.
അഞ്ഞൂറ് ഏക്കർ പാടശേരം
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മേഖലയിൽ 500 ഏക്കറോളം പാടശേഖരങ്ങളുണ്ട്. വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , അട്ടത്തോടെ, തട്ട ഏലാ തുടങ്ങിയവയാണ് ഇവയിൽ പ്രധാനം.
ഇത്തവണ കൃഷി ഇറക്കിയത് :
130 ഹെക്ടർ പാടശേഖരത്തിൽ
കർഷകർ : 210,
കഴിഞ്ഞ കൃഷിക്ക് ലഭിച്ച വിളവ് : 420 ടൺ നെല്ല്.
കഴിഞ്ഞ തവണ സപ്‌ളൈക്കോ സംഭരിച്ചത് : 400 ടൺ
കാലാവസ്ഥ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ പഞ്ചായത്തും കൃഷി വകുപ്പും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണം. വേനൽ സമയത്ത് വെള്ളം എത്തിക്കുന്നതിനും മഴ സമയത്ത് വെള്ളം ഒഴുകിപ്പോകുന്നതിനും മാർഗമൊരുക്കണം.
പാടശേഖര സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |