
പ്രമാടം : വേനൽ കനത്തതോടെ ജില്ല കടുത്ത ശുദ്ധജലക്ഷാമത്തിലേക്ക് . പത്ത് പഞ്ചായത്തുകളിലെ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുകഴിഞ്ഞു. വരും ദിവസങ്ങളിൽ വേനലിന്റെ കാഠിന്യം വർദ്ധിച്ചാൽ കൂടുതൽ പഞ്ചായത്തുകളിലും നഗരസഭകളിലും കുടിവെള്ളക്ഷാമം അതിരൂക്ഷമാകും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സാധാരണ കുടിവെള്ള ക്ഷാമം രൂക്ഷമാകാറുള്ളത്. എന്നാൽ ഇത്തവണ വേനലിന്റെ തുടക്കത്തിൽത്തന്നെ വെള്ളം കിട്ടാതായി. വരാൻപോകുന്ന കൊടിയ വരൾച്ചയെ നേരിടാൻ കിണർ റീച്ചാർജിംഗ് ഉൾപ്പടെയുള്ള വഴികളെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചിന്തിക്കുന്നുണ്ട്. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും സർക്കാരിന്റെയും സഹായം ചില പഞ്ചായത്തുകൾ തേടിയിട്ടുമുണ്ട്.
അച്ചൻകോവിൽ, പമ്പ, കല്ലാറ് നദികളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം ജില്ലയിൽ ശക്തമായ മഴ പെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം അന്തരീക്ഷ താപനില ഉയർന്നുതന്നെ നിൽക്കുകയാണ്. നദികളിൽ ജലനിരപ്പ് താഴുന്നത് വാട്ടർ അതോറിറ്റിയുടെ പമ്പിംഗിനെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ചുള്ള പല കുടിവെള്ള പദ്ധതികളിലും ഇപ്പോൾ തന്നെ ആവശ്യാനുസരണം വെള്ളമെത്തുന്നില്ലെന്ന പരാതിയുമുണ്ട്.
കാർഷിക വിളകളും വ്യാപകമായി നശിച്ചിട്ടുണ്ട്. വേനൽ മഴയാണ് ഇനി ആശ്രയം.
പ്രതിസന്ധി മഹാപ്രളയത്തിന് ശേഷം
ജില്ലയിലെ ഭൂഗർഭ ജലനിരപ്പ് അപകടകരമാം വിധം ഉൾവലിയാൻ തുടങ്ങിയത് 2018 ലെ മഹാപ്രളയത്തിന് ശേഷമാണെന്ന് ജിയോളജി, ഹൈഡ്രോ ജിയോളജി റിമോട്ട് സെൻസിംഗ്, റോക്ക് സ്ട്രക്ചറുകൾ, ഭൂഗർഭ ജല റീചാർജിംഗ് എന്നിവയെക്കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രളയാനന്തരം ഓരോ വർഷവും ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ലയാണ് പത്തനംതിട്ടയെങ്കിലും വെള്ളം ഭൂമിയിൽ താഴുന്നില്ല. ശക്തമായ മഴയിൽ വെള്ളപ്പൊക്കങ്ങളും പോയ വർഷത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ വേനലിന്റെ തുടക്കത്തിൽ തന്നെ പ്രധാന ജലസ്രോതസുകളെല്ലാം വറ്റിവരണ്ടുതുടങ്ങി. കിഴക്കൻ മലയോര ഗ്രാമങ്ങളിലാണ് ഈ പ്രതിഭാസം ഏറ്റുവും കൂടുതൽ കണ്ടുവരുന്നത്.
ജലക്ഷാമം രൂക്ഷമായ പഞ്ചായത്തുകൾ
പ്രമാടം, കോന്നി, അരുവാപ്പുലം, നാറാണംമൂഴി, തണ്ണിത്തോട്, വള്ളിക്കോട്, ഓമല്ലൂർ, റാന്നി, ചിറ്റാർ, സീതത്തോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |