
ശബരിമല: മകരവിളക്ക് ദർശനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ മുന്നൊരുക്കങ്ങൾ വേഗത്തിലായി. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും മേൽനോട്ടത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഒരുക്കങ്ങൾ. തിരുവാഭരണം കടന്നുപോകുന്ന പന്തളം മുതൽ സന്നിധാനം വരെയുള്ള പാത വൃത്തിയാക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ദേവസ്വം ബോർഡും നേതൃത്വം നൽകുന്നു. തിരുവാഭരണം വനപാതയിലേക്ക് കടക്കുന്ന അട്ടത്തോട് മുതൽ കൊച്ചുപമ്പയുടെ കരയിലൂടെയുള്ള ഭാഗം വനംവകുപ്പ് കാടുകൾ വെട്ടിത്തെളിച്ച് വൃത്തിയാക്കിത്തുടങ്ങി. ഇവിടെ നദിക്കു കുറുകെ താത്കാലിക പാലങ്ങൾ നിർമ്മിക്കും. കെ.എസ്.ഇ.ബിയും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി പന്തളം മുതൽ സന്നിധാനം വരെയുള്ള തിരുവാഭരണപാതയിൽ വൈദ്യുത വിളക്കുകൾ പ്രകാശിപ്പിക്കും. കേടായ വൈദ്യുത വിളക്കുകൾ മാറ്റുന്ന ജോലികൾ ആരംഭിച്ചു.
വാട്ടർ അതോറിറ്റി ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ ജല ശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണ്ണശേഷിയിലേക്കുയർത്തി. ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാൻ 24 മണിക്കൂർ ഉത്പാദനം ആരംഭിച്ചു. റിവേഴ്സ് ഓസ്മോസിസ് (ആർ.ഒ) സാങ്കേതികവിദ്യ, അൾട്രാ വയലറ്റ് (യു.വി) രശ്മികൾ എന്നിവ ഉപയോഗിച്ചാണ് അണുവിമുക്തമാക്കി ജലം ശുദ്ധീകരിക്കുന്നത്.
കാനന പാതയിലുൾപ്പടെ ബി.എസ്.എൻ.എൽ നെറ്റ് വർക്ക് സൗകര്യം ലഭ്യമാക്കി. ശബരിമലയിൽ 4ജി , സൗജന്യ ഇന്റർനെറ്റ്, ബ്രോഡ്ബാന്റ് സൗകര്യങ്ങളൊരുക്കി . ശബരിമലയിലെത്തുന്ന ഭക്തരുടെ ഫോണുകളിൽ സൗജന്യ വൈഫൈയും ബി.എസ്.എൻ.എൽ നൽകിവരുന്നു. അരമണിക്കൂറാണ് ഈ സേവനം ഉപയോഗിക്കാൻ കഴിയുന്നത്. സന്നിധാനത്ത് 18 പമ്പയിൽ 12 നിലയ്ക്കലിൽ 16 വൈഫൈ പോയിന്റുകൾ സ്ഥാപിച്ചു.
ആരോഗ്യ വകുപ്പിന്റെ എമർജൻസി മെഡിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങൾക്കും ബി.എസ്.എൻ.എൽ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. 203232 എന്ന നമ്പറിൽ വിളിച്ചാൽ ആരോഗ്യ വകുപ്പിന്റെ കൺട്രോൾറൂമിൽ നിന്ന് അയ്യപ്പഭക്തർക്ക് വൈദ്യസഹായം ലഭിക്കും.
1. തിരക്ക് നിയന്ത്രിക്കാൻ ജാഗ്രത
തിരക്ക് നിയന്ത്രിക്കാൻ സന്നിധാനത്ത് മാത്രം 12 ഡിവൈ.എസ്.പിമാരും, 36 സി.ഐമാരും, 105 എസ്.ഐ, എ.എസ്.ഐമാരും ഉൾപ്പെടെ 1,450 പേരാണ് ഡ്യൂട്ടിയിലുള്ളത്. മൂന്നു പേടകങ്ങളിലാക്കിയാണ് ഗുരുസ്വാമിമാർ തിരുവാഭരണം ശബരിമലയിലേക്ക് കാൽനടയായി എത്തിക്കുന്നത്. അടൂർ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തിരുവാഭരണത്തിന് സുരക്ഷ ഒരുക്കുന്നത്.
2. സുരക്ഷയ്ക്ക് പദ്ധതികൾ
മകരവിളക്ക് ദർശിക്കാൻ പർണശാലകൾ കെട്ടി കാത്തിരിക്കുന്ന ഭക്തരുടെ സുരക്ഷയ്ക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് കുടിവെള്ളവും വെളിച്ചവും ലഭ്യമാക്കും. വനത്തിൽ അലക്ഷ്യമായി തീകത്തിക്കുന്നത് തടയും. മകരവിളക്ക് ദൃശ്യമാകുന്ന പുൽമേട് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർമ്മിക്കുന്ന ജോലികളും അന്തിമഘട്ടത്തിലാണ്.
3. പ്രത്യേക ബസ് സർവീസ്
കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലയ്ക്കൽ പമ്പ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷ്യൽ ഓഫീസർ ഷാജു ലോറൻസ് അറിയിച്ചു. അയ്യപ്പഭക്തരുടെ വരവ് കൂടുതലാണെങ്കിൽ പത്തനംതിട്ട, എരുമേലി സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ ബസുകൾ എത്തിക്കും. മകരവിളക്ക് മഹോത്സവം അവസാനിച്ച് നട അടക്കുന്നത് വരെ അയ്യപ്പന്മാരുടെ വരവനുസരിച്ച് ചെയിൻ സർവീസുകൾ നടത്തും.
-----------
തീർത്ഥാടകർക്ക് പരമാവധി സുരക്ഷയൊരുക്കി സുഖദർശനം സാദ്ധ്യമാക്കും. ഇതിനുള്ള ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു.
അഡ്വ. എ.അജികുമാർ, ദേവസ്വം ബോർഡ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |