
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്നത് സംബന്ധിച്ച് എൽ.ഡി.എഫിലെ ചർച്ചകൾ തർക്കത്തിലെത്തി. മുന്നണി മര്യാദ പാലിച്ച് ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം ഒഴിഞ്ഞാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജി പി.രാജപ്പൻ രാജിവയ്ക്കുമെന്ന് സി.പി.ഐ.
മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിൽ പുതിയ തർക്കം രൂപപ്പെട്ടതോടെ കേരള കോൺഗ്രസ് എം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് കാത്തിരിക്കേണ്ടി വരും. മുന്നണി മര്യാദ എല്ലാ കക്ഷികൾക്കും ബാധകമാണെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. ധാരണപ്രകാരം മൂന്ന് വർഷം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഓമല്ലൂർ ശങ്കരൻ രാജിവയ്ക്കാൻ മാസങ്ങൾ വൈകി. കഴിഞ്ഞ മാർച്ച് മാസത്തിലാണ് രാജിവച്ചത്. സി.പി.ഐയ്ക്ക് ഒരു വർഷമാണ് പറഞ്ഞിരുന്നത്. അതുപ്രകാരം രാജിവയ്ക്കേണ്ടത് വരുന്ന മാർച്ച് മാസത്തിലാണെന്ന് സി.പി.ഐ പറയുന്നു. കേരള കോൺഗ്രസിന് ഒരു വർഷം പറഞ്ഞിട്ടുള്ളതുകൊണ്ട് രാജി വയ്ക്കാൻ തയ്യാറാണ്. എന്നാൽ, ഏറത്ത് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി.പി.എം സി.പി.ഐയ്ക്ക് ഒഴിഞ്ഞു കൊടുക്കണം. മുന്നണിയിലെ പ്രധാന കക്ഷി ആദ്യം ധാരണ പാലിക്കട്ടെ, എന്നിട്ടാവാം തങ്ങളെന്ന നിലപാടിലാണ് സി.പി.ഐ.
കഴിഞ്ഞദിവസം ചേർന്ന എൽ.ഡി.എഫ് യോഗത്തിൽ മുൻ ധാരണ അനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ അധികാര കൈമാറ്റം നടത്തണമെന്ന് തീരുമാനിച്ചിരുന്നു. ഇതേ തുടർന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സി.പി.ഐയുടെ രാജി പി.രാജപ്പൻ രാജിവയ്ക്കുമെന്ന് അഭ്യൂഹം ഉയർന്നിരുന്നു. കേരള കോൺഗ്രസിലെ ജോർജ് ഏബ്രഹാമാണ് ഇനി പ്രസിഡന്റാകേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |