SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

ചെങ്ങന്നൂർ - പമ്പ റെയിൽ പദ്ധതി, റെഡ് സിഗ്നലിൽ

train

പത്തനംതിട്ട : ചെങ്ങന്നൂർ - പമ്പ റെയിൽ പാതയെന്ന ജില്ലയുടെ സ്വപ്നത്തിന് ഇനിയും പച്ചക്കൊടിയായിട്ടില്ല. പദ്ധതി ചെലവിന്റെ പകുതി മുടക്കാനാകുമോ എന്ന കേന്ദ്ര സർക്കാരിന്റെ ചോദ്യത്തിന് മുന്നിൽ സംസ്ഥാനം മൗനത്തിലാണ്. സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വം വലിയ താൽപ്പര്യമെടുത്തതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകുകയായിരുന്നു.

പദ്ധതിയുടെ വിശദരൂപരേഖകൾ റെയിൽ ബോർഡിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് ബോർഡ്. കേന്ദ്ര മന്ത്രിസഭ പദ്ധതി അംഗീകരിച്ചിട്ട് ഒരു വർഷത്തിലേറെയായി. ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ നിന്ന് റെയിൽവേയ്ക്കുള്ള വിഹിതത്തിൽ പദ്ധതി ഉൾക്കൊള്ളിക്കാൻ ബോർഡ് താൽപ്പര്യപ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.

അങ്കമാലി - എരുമേലി പാതയെ പത്തനംതിട്ട വഴി വിഴിഞ്ഞത്തേക്ക് നീട്ടുകയും കണമലയിൽ സ്റ്റേഷൻ നിർമ്മിക്കുകയും ചെയ്താൽ ചെങ്ങന്നൂർ - പമ്പ പാതയെ അവിടെ ബന്ധിപ്പിക്കാമെന്ന നിർദേശവുമുണ്ട്.

തീർത്ഥാടന കാലത്ത് മാത്രം

ശബരിമല തീർത്ഥാടന കാലത്ത് മാത്രമാകും ചെങ്ങന്നൂർ - പമ്പ പാതയിൽ ട്രെയിൻ സർവീസുണ്ടാകുക. സീസൺ അല്ലാത്തപ്പോൾ പാത അടച്ചിടും. 3800 കോടി മുടക്കിയിട്ട് പൂർണസമയം ഗതാഗതം സാദ്ധ്യമാകാത്ത പദ്ധതിയോട് സംസ്ഥാനത്തിനുള്ള വിയോജിപ്പിനുള്ള പ്രധാന കാരണമിതാണ്.

നിർദ്ദിഷ്ട അങ്കമാലി - എരുമേലി പദ്ധതിക്ക് പകുതി പണം സംസ്ഥാനം മുടക്കണമെന്ന കേന്ദ്ര നിർദേശത്തിലും തീരുമാനമായിട്ടില്ല. പകുതി ചെലവ് വഹിക്കാൻ കിഫ്ബിയെടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂർ - പമ്പ പാത പദ്ധതി ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്രനിർദേശവും സംസ്ഥാനത്തിന്റെ മുന്നിലുള്ളത്.

പദ്ധതി ചെലവിന്റെ കാര്യത്തിൽ കേന്ദ്രവും

സംസ്ഥാനവും തമ്മിൽ തർക്കം

പദ്ധതിയുടെ ആകെ ചെലവ് : 7600 കോടി

സംസ്ഥാനം വഹിക്കേണ്ടത് : 3800 കോടി

റെയിൽവേ ബോർഡിലുള്ളത് 3 രൂപരേഖകൾ

ചെങ്ങന്നൂർ - പമ്പ റെയിൽപ്പാത

പടിഞ്ഞാറൻ മേഖലയിൽ ആകാശപ്പാത. തൂണുകൾ സ്ഥാപിക്കാൻ സ്ഥലം അനുവേദിക്കേണ്ടി വരും. കിഴക്കൻ മേഖലയിൽ ഭൂമിയേറ്റെടുക്കും.

പാതയുടെ നീളം : 75 കിലോമീറ്റർ , യാത്രാസമയം : 50 മിനിട്ട്

സ്റ്റേഷനുകൾ

ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ.

കടന്നുപോകുന്നത്

ചെങ്ങന്നൂർ നഗരസഭ, 16 പഞ്ചായത്തുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL