
ശബരിമല : പൊന്നമ്പലമേട്ടിൽ ഉദിച്ചുയർന്ന ദിവ്യപ്രഭയുടെ ചാരുത പകർന്ന മകര സന്ധ്യയിൽ പൂങ്കാവനത്തിൽ ഒത്തുചേർന്നത് തീർത്ഥാടക സഹസ്രങ്ങൾ. ജ്യോതിയും വിളക്കും കണ്ട് ആത്മനിർവൃതിയോടെ മലയിറങ്ങിയവർ ശരണപാതകൾക്ക് പുണ്യംപകരുന്ന കാഴ്ചയായി. കർശന നിയന്ത്രണങ്ങൾക്കിടയിലും പരാതിരഹിതമായൊരു തീർത്ഥാടനത്തിന് കൂടിയാണ് പരിസമാപ്തിയായത്. വെർച്ച്വൽ ക്യൂവിലൂടെ 40000 വും സ്‌പോട്ട് ബുക്കിംഗിലൂടെ 1000 വും തീർത്ഥാടകർക്ക് മാത്രമാണ് ഇന്നലെ സന്നിധാനത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകിയത്. കൂടാതെ നിലയ്ക്കലിൽ നിന്ന് ഇന്നലെ രാവിലെ 10ന് ശേഷം കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള വാഹനങ്ങൾ പമ്പയിലേക്കും ഉച്ചയ്ക്ക് 12ന് ശേഷം പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തീർത്ഥാടകരെ കടത്തിവിടുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തീർത്ഥാടകരുടെ എണ്ണം കുറച്ച് തിരക്ക് നിയന്ത്രണ വിധേയമാക്കാനായിരുന്നു പൊലീസിന്റെ നീക്കം. എന്നാൽ നാലുദിവസം മുൻപുതന്നെ തീർത്ഥാടകർ പൂങ്കാവനത്തിൽ പർണ്ണശാലകൾ കെട്ടി മകരജ്യോതി ദർശനത്തിനുള്ള കാത്തിരിപ്പിലായിരുന്നു.
സന്നിധാനത്തും പരിസരങ്ങളിലുമായി രണ്ടു ലക്ഷത്തിലധികം തീർത്ഥാടകർ തമ്പടിച്ചതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെ ശരണപാതയിലും പമ്പ ഹിൽടോപ്പ്, ചാലക്കയം, നിലയ്ക്കൽ, അട്ടത്തോട് എന്നിവിടങ്ങളിലും ആയിരക്കണക്കിന് ഭക്തരാണ് ജ്യോതി ദർശനത്തിനായി എത്തിയത്. മകരജ്യോതി ദർശനത്തിന് ശേഷം തിരുവാഭരണവിഭൂഷിതനായ അയ്യപ്പ സ്വാമിയെയും കണ്ടുതൊഴുതാണ് തീർത്ഥാടകർ മലയിറങ്ങിയത്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിയിട്ടും പൊലീസും കേന്ദ്രദ്രുത കർമ്മ സേനയും ദുരന്തനിവാരണ സേനയും വനപാലകരും, ഫയർ ഫോഴ്സും സിവിൽ വോളണ്ടിയർമാരും ചേർന്ന് സുരക്ഷിതമായി മലയിറക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |