
ശബരിമല : മകരവിളക്കിനുശേഷം സന്നിധാനത്തെ പ്രധാന ചടങ്ങുകളിലൊന്നായ വിളക്കിനെഴുന്നള്ളിപ്പ് ആരംഭിച്ചു. ഇന്നലെ രാത്രി 9.30നാണ് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നുള്ള ആദ്യ എഴുന്നെള്ളത്ത് ആരംഭിച്ചത്. ശബരിമലയിൽ ശ്രീകോവിലിനോളം പ്രാധാന്യമാണ് മണിമണ്ഡപത്തിനുള്ളത്. അയ്യപ്പസ്വാമിയുടെ അവതാര ലക്ഷ്യത്തിനുശേഷം ജീവസമാധിയായത് ഇവിടെയാണെന്നാണ് വിശ്വാസം. മണിമണ്ഡപം വർഷത്തിൽ ആറുദിവസം മാത്രമേ തുറക്കാറുള്ളു. അഞ്ച് ദിവസം സമാധിയിൽ നിന്ന് ഉണരുകയും ഭക്തർക്ക് അനുഗ്രഹം ചൊരിയുമെന്നുമാണ് വിശ്വാസം. ആചാരപ്രകാരം എല്ലാ വർഷവും കളമെഴുത്തു ചടങ്ങുകൾ നടക്കുന്നത് മണിമണ്ഡപത്തിലാണ്. പന്തള രാജാവ് ശബരിമലയിൽ വന്നാൽ താമസിക്കുന്നത് മണിമണ്ഡപത്തിന്റെ പിന്നിലുള്ള മാളികയിലാണ്.
അയ്യപ്പസ്വാമി തപസനുഷ്ഠിച്ച സമയത്ത് പൂജിച്ച ശ്രീചക്രങ്ങളിലൊന്ന് മണിമണ്ഡപത്തിലും മറ്റൊന്ന് പതിനെട്ടു പടിയുടെ അടിയിലും ഒരെണ്ണം ശ്രീകോവിലും സ്ഥാപിച്ചു എന്നാണ് വിശ്വാസം. മകരം ഒന്ന് മുതൽ അഞ്ചു വരെ കളമെഴുത്തും വിളക്കെഴുന്നള്ളത്തും നടക്കും. ഓരോ ദിവസവും വിവിധ ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ആദ്യ ദിവസം ബാലകൻ തുടർന്നുള്ള ദിവസങ്ങളിൽ പുലിവാഹനൻ, വില്ലാളി വീരൻ, ചിൻ മുദ്രാങ്കിത രൂപം, തിരുവാഭരണ ഭൂഷിതനായ അയ്യപ്പൻ എന്നിങ്ങനെയാണ്. മകരം മൂന്ന് മുതൽ രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടക്കുക. കളമെഴുത്തിനുശേഷം തിരുവാഭരണ പേടകത്തിൽ കൊണ്ടുവരുന്ന തിടമ്പിൽ ദേവ ചൈതന്യം ആവാഹിച്ചു നാലുദിവസം പതിനെട്ടാം പടിയിലേക്കും അഞ്ചാമത്തെ ദിവസം ശരംകുത്തിയിലേക്കും എഴുന്നള്ളിക്കും. മകരം ആറിനാണ് ഗുരുതി. ശബരിമലയിൽ ഒരു വർഷം ഉണ്ടായ ചൈതന്യക്ഷതം പരിഹരിക്കുന്നതിന് രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ആണ് ഗുരുതി നടത്തുക. മണിമണ്ഡപത്തിലെ അടിയന്തരങ്ങൾ നടത്താനുള്ള കാരാഴ്മ അവകാശം റാന്നി കുന്നക്കാട്ട് കുറുപ്പന്മാർക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |