SignIn
Kerala Kaumudi Online
Friday, 23 October 2026 3.25 PM IST

ജില്ലയിലെ നീർത്തടങ്ങളിൽ നിന്ന് നീർപക്ഷികൾ പറന്നകലുന്നു

nee

പത്തനംതിട്ട : ജില്ലയിലെ പ്രധാന നീർത്തടങ്ങളിൽ നടന്ന നീർപക്ഷി കണക്കെടുപ്പിൽ കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവ്. പക്ഷികളുടെ ആകെയെണ്ണത്തിൽ നേരിയ വർദ്ധനവുണ്ട്. ഏഷ്യൻ രാജ്യങ്ങളിലാകമാനം എല്ലാ വർഷവും ജനുവരിയിൽ നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണ് നീർപക്ഷി കണക്കെടുപ്പ് നടക്കുന്നത്. ജില്ലയിൽ ഇത്തവണ 10 പ്രധാന നീർത്തടങ്ങളിലായിരുന്നു കണക്കെടുപ്പ്.
പക്ഷിനിരീക്ഷകരും പക്ഷിഫോട്ടോഗ്രാഫർമാരും വനംവകുപ്പുദ്യോഗസ്ഥരും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും അടങ്ങിയ സംഘങ്ങൾ ഓരോ നീർത്തടങ്ങളിലും നടന്ന് ബൈനോക്കുലർ, ക്യാമറ എന്നിവയുടെ സഹായത്തോടെ നിരീക്ഷിച്ചാണ് കണക്കെടുപ്പ് നടത്തിയത്.

നാലുമണിക്കൂർ നീണ്ട നിരീക്ഷണത്തിൽ 113 ഇനത്തിൽ പെട്ട പക്ഷികളുടെ വിവരങ്ങളാണ് ശേഖരിക്കാനായത്. ജില്ലയിലെ പ്രധാന ഹോട്സ്‌പോട്ടായ കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ ഭാഗത്തു നിന്നുമാണ് ഏറ്റവും കൂടുതൽ പക്ഷികളെ രേഖപ്പെടുത്തിയത്. ഇവിടെ നിന്ന് 49 ജാതികളിലായി 1832 പക്ഷികളെ കണ്ടിരുന്നു. ഏറ്റവും കുറവ് നിരീക്ഷിച്ചത് വള്ളിക്കോട് വയലിലാണ്. ഇവിടെ 21 ഇനത്തിലായി 243 എണ്ണം പക്ഷികളെ കണ്ടെത്തി.

പത്തനംതിട്ട ബേഡേഴ്സിലെ പക്ഷി നിരീക്ഷകർക്കു പുറമേ, കൊല്ലം ബേഡിംഗ് ബറ്റാലിയൻ, കോട്ടയം നേച്ചർ സൊസൈറ്റി, ആലപ്പുഴ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി എന്നീ സംഘടനകളിലെ അംഗങ്ങളും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാവേലിക്കര ബിഷപ് മൂർ കോളേജ്, പ്രമാടം നേതാജി ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കണക്കെടുപ്പിൽ പങ്കാളികളായി.

പക്ഷികൾ കുറയാൻ കാരണം

കൃഷിയില്ലാതെ തരിശിട്ടും അധിനിവേശ സസ്യങ്ങളുടെ കടന്നുകയറ്റത്താലും ഖരമാലിന്യനിക്ഷേപങ്ങളാലും ജില്ലയിലെ എല്ലാ നീർത്തടങ്ങളും വളരെയധികം നിലനിൽപു ഭീഷണിയിലായതാണ് പക്ഷികൾ കുറയാനുള്ള പ്രധാന കാരണം. വിവിധ ജാതിയിലുള്ള വലിയ പക്ഷിക്കൂട്ടങ്ങൾക്ക് അഭയാരണ്യമായിരുന്നതും ഉളനാട് പ്രദേശത്തിന്റെ ജലസ്രോതസ് കൂടിയായിരുന്നതുമായ പോളച്ചിറ പാരിസ്ഥിതിക തകർച്ച നേരിടുകയാണ്.

കണക്കെടുപ്പ് നടന്നത്

കരിങ്ങാലി പുഞ്ചയിലെ ചേരിക്കൽ, പൂഴിക്കാട് ഭാഗങ്ങൾ, മാവര പുഞ്ച, വള്ളിക്കോട് വയൽ, ഉളനാട് പോളച്ചിറ, ആറൻമുള നാൽക്കാലിക്കൽ നീർത്തടം, നന്നൂർ ഇഞ്ചൻചാൽ, കവിയൂർ പുഞ്ച, അപ്പർകുട്ടനാടൻ നീർത്തടങ്ങളായ ഇടിഞ്ഞില്ലം, മേപ്രാൽ.

നീർപക്ഷികളുടെ എണ്ണത്തിൽ നേരിയ കുറവ് :

2025ൽ, 10 നീർത്തടങ്ങൾ, 65 ഇനങ്ങളിൽ 7873 നീർപക്ഷികൾ,

2024ൽ, 10 നീർത്തടങ്ങൾ, 67 ഇനങ്ങളിൽ 6174 നീർപക്ഷികൾ.

ജില്ലയിൽ ഇത്തവണ കണ്ടെത്തിയ പക്ഷിയിനങ്ങൾ : 113

നീർപക്ഷി കണക്കെടുപ്പിന്റെ വിവരങ്ങൾ വെറ്റ്ലാന്റ് ഇന്റർനാഷണലിനും വിശദമായ റിപ്പോർട്ട് വനംവകുപ്പിനും കൈമാറും.

ഹരി മാവേലിക്കര, പത്തനംതിട്ട ബേഡേഴ്സ് കോർഡിനേറ്റർ

ജില്ലയിലെ നീർത്തടങ്ങളുടെ സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കാൻ കണക്കെടുപ്പ് വിനിയോഗിക്കും.

ബി.രാഹുൽ, വനംവകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം അസി. കൺസർവേറ്റർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL