
ശബരിമല : തീർത്ഥാടകർക്ക് ദർശനത്തിനുള്ള സൗകര്യം ഒരു ദിവസംകൂടി ശേഷിക്കെ ശബരീശ സന്നിധിയിൽ തിരക്കേറി. 80,000ൽ അധികം തീർത്ഥാടകരാണ് ഇന്നലെ ശബരിമലയിൽ ദർശനത്തിനെത്തിയത്. നെയ്യഭിഷേകവും പടിപൂജയും ഇന്ന് അവസാനിക്കും. നാളെ രാത്രി 10വരെയാണ് തീർത്ഥാടകർക്ക് ദർശനം. ഇന്ന് തിരക്ക് വർദ്ധിക്കുമെന്നാണ് സൂചന. ഏറെ നാളുകൾക്കുശേഷം ഈ തീർത്ഥാടന കാലം വിവാദങ്ങളില്ലാതെ പര്യവസാനിച്ചത് ദേവസ്വം ബോർഡിന് നേട്ടമായി. തീർത്ഥാടകരുടെ എണ്ണം വെർച്വൽ ക്യൂവഴി 70000വും സ്പോട്ട് ബുക്കിംഗ് വഴി 20000വും ആയി നിജപ്പെടുത്തിയിരുന്നെങ്കിലും മിക്കദിവസങ്ങളിലും ഒരു ലക്ഷത്തിലധികം തീർത്ഥാടകരാണ് ദർശനം നടത്തിയത്. തീർത്ഥാടകരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായതനുസരിച്ച് കാണിക്ക ഇനത്തിലും അപ്പം,അരവണ വിറ്റുവരവിലും വൻ വർദ്ധനവാണ് ഉണ്ടായത്. ശബരിമലയിലെ ശുചീകരണത്തിന്റെ കാര്യത്തിലും മുൻവർഷത്തെ അപേക്ഷിച്ച് വൃത്തിയുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞു. ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.ജയകുമാർ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തി. പതിനെട്ടാം പടിയിലൂടെ ഒരു മിനിറ്റിൽ 80 മുതൽ 90 തീർത്ഥാടകരെ വരെ ശരാശരി കയറ്റിവിടാൻ കഴിഞ്ഞതാണ് തിരക്ക് നിയന്ത്രണ വിധേയമായി നിലനിറുത്താൻ കാരണം. പതിനെട്ടാം പടിയിൽ പ്രത്യേകം പരിശീലനം സിന്ധിച്ച പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതും ഇവരുടെ ഡ്യൂട്ടി സമയം കുറച്ചതും പടികയറ്റം സുഗമമാക്കുന്നതിന് സഹായകരമായി. തീർത്ഥാടന കാലത്ത് ക്യൂ മരക്കൂട്ടം വരെയാണ് പരമാവധി നീണ്ടത്. ക്യൂവിൽ നിൽക്കുന്നവർക്ക് കുടിവെള്ളവും ലഘുഭക്ഷണവും തുടർച്ചയായി നൽകാൻ കഴിഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് സൗജന്യ ശുചിമുറികളുടെ എണ്ണം വർദ്ധിപ്പിച്ചതും അത് വൃത്തിയായി സൂക്ഷിക്കാൻ ആളുകളെ നിയോഗിച്ചതും വൃത്തിയുള്ള അന്തരീക്ഷത്തിന് കാരണമായി. ദേവസ്വം ബോർഡിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും ഏകോപനത്തോടെ തീർത്ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ മുൻകൂട്ടി ഒരുക്കാൻ കഴിഞ്ഞത് ഈ തീർത്ഥാടനകാലം പരാതി രഹിതമാക്കി. ശബരിലമയിൽ ഈ തീർത്ഥാടനകാലത്ത് എത്തിയ ഒരു തീർത്ഥാടകന് പോലും ദർശനം കിട്ടാതെ മടങ്ങേണ്ടി വന്നില്ല എന്നതും പരാതി രഹിതമായി തീർത്ഥാടനം പര്യവസാനിപ്പിക്കാൻ കഴിഞ്ഞതും ദേവസ്വം ബോർഡിനും സർക്കാരിനും നേട്ടമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |